കൊച്ചി : ഹെൽമെറ്റ്നുള്ളിൽ ശംഖുവരയനുമായി അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് ഹൈസ്കൂൾ സംസ്കൃത അധ്യാപകൻ കെ.എ.രഞ്ജിത്തിന്റെ (37) ഹെൽമറ്റിനുള്ളിലാണ് ഇന്ത്യയിലെ വിഷം കൂടിയ പാമ്പുകളിലൊന്നായ ശംഖുവരയൻ കയറിയത്.വീടിന്റെ കാർ പോർച്ചിൽ നിർത്തി ഇട്ടിരുന്ന ബൈക്കിൽ ആണ് ഹെൽമെറ്റ് തൂക്കിയിട്ടിരുന്നത്.
സമീപത്തെ കാട്ടിൽ നിന്ന് ആകാം പാമ്പു കയറിയത് എന്നാണ് രഞ്ജിത് പറയുന്നത്.വീട്ടിൽ നിന്നു കണ്ടനാട് സ്കൂളിൽ എത്തിയ ശേഷം സംസ്കൃത ക്ലാസിനായി തൃപ്പൂണിത്തുറ ആർ എൽ വി സ്കൂളിൽ എത്തി ഹെൽമെറ്റ് നോക്കിയപ്പോഴാണ് പാമ്പിന്റെ വാലു കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഹെൽമറ്റിന്റെ ഉള്ളിൽ നിന്നു പാമ്പിനെ പുറത്തെടുത്തത്.ഹെൽമറ്റ് തലയിൽ വച്ചതിനാൽ പാമ്പു ഞെരുങ്ങി ചത്ത നിലയിൽ ആയിരുന്നു എന്നു രഞ്ജിത് പറഞ്ഞു.ഉടനെ ഹെൽമെറ്റ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞു.