കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം, എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം പരിഹരിക്കാനെത്തിയ എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്ബിനെ വളഞ്ഞിട്ട് മർദ്ദിച്ചു. ഇന്നലെ രാവിലെ മുതൽ കോളേജിൽ ഇരു വിഭാഗം വിദ്യാർത്ഥികളും തമ്മിൽ തർക്കം തുടരുകയാണ്. ഇടയ്ക്ക് കയ്യാങ്കളിയും നടന്നു. വിഷയം പരിഹരിക്കാനാണ് മണ്ഡലം സെക്രട്ടറി കൂടിയായ ജോബിൻ ജേക്കബ്ബ് കോളേജിലെത്തിയത്. എ.ഐ.എസ്.എഫ് പ്രവർത്തകരോടൊപ്പം വൈകിട്ട് 4 മണിയോടെ കോളേജിന് പുറത്തേക്ക് വന്ന ജോബിൻ ജേക്കബ്ബിനെ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകരടങ്ങുന്ന 40 അംഗ സംഘം മർദ്ദിക്കുകയായിരുന്നു. ചെറുത്ത് നിൽപ്പിന് ശ്രമിച്ച എ.ഐ.എസ്.എഫ് പ്രവർത്തകർക്കും മർദ്ദനമേറ്റു. ഇരു വിഭാഗവും തമ്മിൽ വലിയ തോതിൽ കയ്യാങ്കളിയുണ്ടായി. വടികൊണ്ടും അടിച്ചുവെന്നാണ് പരിക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കഴിയുന്ന എ.ഐ.എസ്.എഫ് നേതാക്കളായ ജോബിൻ ജേക്കബ്ബും അജ്മലും പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ച് കൊട്ടാരക്കര കോളേജിൽ നാളെ എ.ഐ.എസ്.എഫ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. ജില്ലയിൽ എല്ലാ കാമ്പസുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
