കൊല്ലം: ഒറ്റ ദിവസം കൊണ്ട് ട്രാക്കിലെ രക്ഷകൻ സോഷ്യൽ മീഡിയയിൽ വൈറലായി. കൊല്ലം റെയിൽവേ സ്റ്റേഷനിലെ അസി. പോയിന്റ്സ്മാൻ സുനിൽകുമാറാണ് നാട്ടിലും സഹപ്രവർത്തകർക്കുമിടയിൽ താരമായത്. ഫേസ്ബുക്കിലും വാട്സ്ആപ്പിലുമാകെ സുനിൽകുമാർ നടത്തിയ സാഹസിക രക്ഷപ്രവർത്തനത്തിന്റെ വീഡിയോയാണ്.
സ്വന്തം ജീവൻ പണയം വച്ചാണ് തിങ്കളാഴ്ച രാത്രി 7.45 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വീണയാളെ ട്രെയിൻ കടന്നുപോകുന്നതിനിടയിൽ സുനിൽകുമാർ രക്ഷിച്ചത്. രണ്ടാം പ്ളാറ്റ് ഫോമിൽ കിടന്ന വഞ്ചിനാട് എക്സ്പ്രസിൽ എതിർദിശയിൽ നിന്ന് കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ ശാസ്താംകോട്ട സ്വദേശിയായ മദ്ധ്യവയസ്കനെയാണ് കോഷൻ ഡ്യൂട്ടിയിലായിരുന്ന സുനിൽ കുമാർ രക്ഷിച്ചത്. സ്ഥലത്തേക്ക് ഓടിയെത്തിയ സുനിൽകുമാർ ട്രെയിൻ കടന്നുപോകുന്നത് വരെ മദ്ധ്യവയസ്കനെ പ്ലാറ്റ്ഫോമിന്റെ ഭിത്തിയോട് ചേർത്തുപിടിച്ചു. ഇടയ്ക്ക് കൈ കഴച്ചെങ്കിലും സുനിൽകുമാർ പിടിവിട്ടില്ല.
സംഭവം കണ്ടുനിന്ന യാത്രക്കാരിൽ ചിലർ ദൃശ്യങ്ങൾ പകർത്തി നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. അഞ്ചാലുംമൂട് സ്വദേശിയാണ് സുനിൽകുമാർ. അമ്മ രമണി, ഭാര്യ രമ്യ സുനിൽ, മകൻ എസ്.ശിവറാം എന്നിവരടങ്ങുന്നതാണ് സുനിൽ കുമാറിന്റെ കുടുംബം.
രക്ഷകനായത് നിരവധി തവണ
ഇതാദ്യമായല്ല സുനിൽ കുമാർ രക്ഷകനാകുന്നത്. തമിഴ്നാട്ടിൽ നിന്ന് പെട്രോൾ ടാങ്കിന്റെ മുകളിൽ കയറി വന്നയാളെ താഴെയിറക്കിയത് സുനിലിന്റെ നേതൃത്വത്തിലായിരുന്നു. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ആറ് വർഷമായി റെയിൽവേയിൽ ജോലി ചെയ്യുന്ന സുനിൽ കഴിഞ്ഞ രണ്ട് വർഷമായി കൊല്ലം റെയിൽവേ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
സൈന്യത്തിൽ നിന്ന് ലഭിച്ച മനോവീര്യമാണ് എല്ലാത്തിനും കാരണം. യാത്രക്കാരാണ് നമുക്ക് പ്രധാനം. അവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.