ശ്രീനഗർ : ജമ്മുവിലെ രജൗറിയിലുള്ള വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ ഓഫിസറടക്കം 5 സൈനികർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനിടെ ഭീകരർ നടത്തിയ സ്ഫോടനത്തിലാണു സൈനികർക്കു ജീവൻ നഷ്ടമായത്. ഒരു സേനാംഗത്തിനു ഗുരുതരമായി പരുക്കേറ്റു. ഭീകരവിരുദ്ധ സേനാ ദൗത്യങ്ങളിൽ വൈദഗ്ധ്യമുള്ള 9 പാരാ സ്പെഷൽ ഫോഴ്സസിലെ കമാൻഡോകളായ ലാൻസ് നായിക് രുചിൻ സിങ് റാവത്ത് (ഉത്തരാഖണ്ഡ്), പാരാട്രൂപ്പർ സിദ്ധന്ത് ഛേത്രി (ബംഗാൾ), പാരാട്രൂപ്പർ പ്രമോദ് നേഗി (ഹിമാചൽ), നായിക് അരവിന്ദ് കുമാർ (ഹിമാചൽ), ഹവീൽദാർ നീലം സിങ് (ജമ്മു കശ്മീർ) എന്നിവരാണു മരിച്ചത്. രാത്രിയും ഏറ്റുമുട്ടൽ തുടർന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഭടന്മാരെ സ്ഥലത്തെത്തിച്ചു. ഏതാനും ഭീകരരെ വധിച്ചതായാണു സേനയുടെ നിഗമനം.
