ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അറസ്റ്റുണ്ടായത്. മാര്‍ച്ചില്‍ കോണ്‍ഗ്രസിന് പുറമെ ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും പങ്കെടുത്തു. പ്രവര്‍ത്തകര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെ ലോദി റോഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മാര്‍ച്ചില്‍ പ്രവര്‍ത്തകരോട് സംസാരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ‘കാവല്‍ക്കാരനെ’ മോഷണം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കന്മാരായ അശോക് ഗെഹ്ലോട്ട്, അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, വീരപ്പ മൊയ്ലി, ആനന്ദ് ശര്‍മ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.ലോക് താന്ത്രിക് ദള്‍ നേതാവ് ശരത് യാദവ്, സി.പി.ഐ നേതാവ് ഡി രാജ, തൃണമൂല്‍ നേതാവ് നദീമുല്‍ ഹഖ് എന്നിവരും മാര്‍ച്ചിന് നേതൃത്വം നല്കി.
