വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്കു ചുറ്റും ബഫർ സോൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനവാസകേന്ദ്രങ്ങളും നിർമിതികളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും ബഫർസോൺ എന്നാണ് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനമെന്നും ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണു സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മാപ് മാത്രമായിരിക്കും ബഫർ സോണിന്റെ കാര്യത്തിൽ അടിസ്ഥാന രേഖയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാപ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പരിശോധിക്കാം. വനം – വന്യജീവി വകുപ്പ് തയാറാക്കിയ ഈ മാപ് പൊതുജനങ്ങൾക്ക് കാണാനായി എല്ലാ വാർഡിലും വായനശാല, അങ്കണവാടി, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കും. ഈ കരട് ഭൂപടത്തിൽ ഏതൊക്കെ സർവേ നമ്പരുകൾ വരുമെന്ന വിവരം ഒരാഴ്ചക്കുള്ളിൽ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കു ലഭ്യമാക്കും. ഈ മാപ്പിലും ഏതെങ്കിലും ജനവാസ കേന്ദ്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് രേഖപ്പെടുത്താനുള്ള സമയം നൽകും. അധിക വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയം ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ഹെൽപ് ഡസ്ക്ക് രൂപീകരിച്ചിട്ടുണ്ട്. അധിക വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ നൽകണം. ഈ പ്രൊഫോർമ ഹെൽപ് ഡസ്കുകളിൽ നിന്നും കേരള സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും. നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ ഉൾക്കൊള്ളിച്ച് [email protected] എന്ന ഇമെയിൽ വിലാസത്തിലും ഹെൽപ് ഡസ്കുകളിൽ നേരിട്ടും നൽകാം. ഇങ്ങനെ നൽകുന്ന അധിക വിവരങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കും.
ഓരോ വാർഡിലും വാർഡ് അംഗവും ഫോറസ്റ്റ്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡാറ്റ അപ്ലോഡ് ചെയ്യാൻ പരിശീലനം കിട്ടിയ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ/ കുടുംബശ്രീ ഓക്സിലറി അംഗങ്ങൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സമിതികൾ രൂപീകരിക്കും. ഈ സമിതിയാണു ഹെൽപ് ഡെസ്കുകളുടെ മേൽനോട്ടവും വഹിക്കേണ്ടത്. ഇവർക്കു ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് കെ.എസ്.ആർ.ഇ.സി. പരിശീലനം നൽകും. മൊബൈൽ ആപ്പ് ഉപയോഗിച്ച് ഒരോ നിർമിതിയുടെയും ജനവാസകേന്ദ്രത്തിന്റെയും കൃഷിയിടത്തിന്റെയും ജിയോ ടാഗിങ് നടത്തണം. വിവര വിനിമയത്തിന് കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താം. ക്ലബ്ബുകൾ, വായനശാലകൾ, ഒഴിഞ്ഞ കടകൾ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫീസുകൾ ആയി ഹെൽപ് ഡെസ്കുകൾ ക്രമീകരിക്കാം. വാഹനം ഉപയോഗിച്ച് മൊബൈൽ ഹെൽപ് ഡസ്ക് സജ്ജമാക്കാമോ എന്നതും പ്രസിദ്ധീകരിക്കാം. അങ്ങിനെയെങ്കിൽ മൈക്ക് അനൗൺസ്മെന്റ് കൂടി ഇതേ വാഹനത്തിൽ സജ്ജീകരിക്കാം. ഇതേ സമിതി തന്നെ ഫീൽഡ് വെരിഫിക്കേഷനും നടത്തും. എല്ലാ തരം നിർമിതികളും ഉൾപ്പെടുത്തുന്നതിനുള്ള വ്യക്തമായ നിർദേശം നൽകി. പശുത്തൊഴുത്തോ ഏറുമാടമോ കാത്തിരിപ്പ് കേന്ദ്രമോ പുൽമേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ള നിർമിതികളും ഉൾക്കൊള്ളിക്കണം. സംഘടനകളും മറ്റു കൂട്ടായ്മകളും നൽകുന്ന വിവരങ്ങൾ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും പരിശോധനക്കായി വാർഡ് തല ഹെൽപ് ഡസ്കിന് കൈമാറുകയും ചെയ്യും.
ലഭ്യമായ അധിക വിവരങ്ങൾ ഉൾപ്പെടുത്തി വനം വകുപ്പ് വീണ്ടും ഭൂപടം പുതുക്കും. പുതുക്കിയ ഭൂപടം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രൂപീകരിക്കുന്ന സർവകക്ഷി സമിതി പരിശോധിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ വനം വകുപ്പ് അന്തിമ കരട് റിപ്പോർട്ട് തയാറാക്കും. ജില്ലാ തലത്തിൽ ജില്ലാ കലക്ടറും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറും വനം, തദ്ദേശ സ്വയംഭരണം, റവന്യൂ വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി ഒരു മേൽനോട്ട സമിതി രൂപീകരിക്കും.