കൊല്ലം : ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോ, കരുതൽ കമ്മ്യൂണിക്കേഷൻ,വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്,ക്യാപ് ഓഫ് ഡി ജി ട്രസ്റ്റ്, ബൃഹസ്പതി സംഗീത വിദ്യാപീഠം,സ്വാസ്ഥ്യ സ്കൂൾ ഓഫ് യോഗ, കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് & റിസർച്ച് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെ സമാപനമായി കരുതൽ നൈറ്റ് 2022 മെഗാ ഷോ സോപാനം ഓഡിറ്റോറിയത്തിൽ നടന്നു.കിടപ്പു രോഗികൾക്ക് ഒരു കൈത്താങ്ങിനായിരുന്നു മെഗാ ഷോ സംഘടിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ കാരുണ്യ കൂട്ട് കുടുംബമായ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനെജ് കണ്ട്രോൾ ബോർഡ് അംഗവുമായ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു . കരുതലിന്റെ കുറവ് കൊണ്ട് മാനവസ്നേഹം നഷ്ടമാകുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിനു കരുതലായി മാറിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവാർഡുകളും ആദരവുകളും നൽകുന്നതിലൂടെ കരുതൽ നൈറ്റ് 2022 മെഗാ ഷോ പേര് പോലെ തന്നെ അനുഗ്രഹമായി മാറുകയാണെന്ന് ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.
കരുതൽ കമ്മ്യൂണിക്കേഷൻ ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു.
എം എൽ എ എം നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.കാരുണ്യമേഖലയിൽ ഏറ്റവും കൂടുതൽ സമർപ്പിതരായ കുടുംബത്തിനുള്ള കാരുണ്യകുടുംബ അവാർഡ് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനും കുടുംബത്തിനും എം. നൗഷാദ് എം എൽ എ സമ്മാനിച്ചു. ഒരു കുടുംബത്തിന്റെ ഒരുമിച്ചുള്ള പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയായ ഗാന്ധിഭവന്റെ വളർച്ചക്ക് കാരണമായി എന്നതിനാൽ ഈ അവാർഡ് ഏറ്റവും അർഹതപ്പെട്ടവർക്കാണ് ലഭിച്ചതെന്ന് എം എൽ എ പറഞ്ഞു.
നാടകസിനിമാ നടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ, ഹോളിക്രോസ്സ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേൽ, കോര്പറേഷൻ കൗൺസിലർ ഷൈലജ, ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽരാജ്,കരുതൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ, ഇപ്ലോ ഇന്റർനാഷണൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ,ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസന്ന സോമരാജൻ, ആയുഷ്,ക്യാപ് ഓഫ് ഡി ജി ട്രസ്റ്റി ടി വി ടെറൻസ്, വി കെയർ പാലിയേറ്റീവ് വൈസ് ചെയർമാൻ ഇഗ്നേഷ്യസ് വിക്ടർ എന്നിവർ സംസാരിച്ചു .
ജോയ് ആലുക്കാസ് ഫൗണ്ടേഷനും വി കെയർ പാലിയേറ്റീവുമായി ചേർന്ന് നടപ്പിലാക്കുന്ന വൃക്ക രോഗികൾക്കൊരു കൈത്താങ്ങ് പദ്ധതിയുടെ രണ്ടാം ഘട്ടമായി അറുപതിനായിരം രൂപയുടെ ചെക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷന് വേണ്ടി ജോയ് ആലുക്കാസ് മാനേജർ അരുൺ കുമാർ ഡോ.പുനലൂർ സോമരാജന് കൈമാറുകയും അദ്ദേഹമത് ഒരു രോഗിക്ക് നൽകുകയും ചെയ്തു. സിനിമാമേഖലയിലെ സമഗ്ര സംഭാവനക്ക് സേതു ലക്ഷ്മിക്കും, നാടക, സീരിയൽ സിനിമ രംഗത്തെ സംഭാവനക്ക് കെ പി എ സി രാജേന്ദ്രനും കർമ്മ ശ്രേഷ്ഠ പുരസ്കാരവും സിനിമ സീരിയൽ ടെലിവിഷൻ മേഖലയിലെ ഹാസ്യത്തിന് പുതിയ മാനം കണ്ടെത്തിയ രശ്മി അനിലിന് കർമരത്നാ പുരസ്കാരവും മാധ്യമ മേഖലയിലെ വ്യത്യസ്ത ചുവടുവെപ്പുകൾക്ക് ഡെൻസിൽ ആന്റണിക്കും, കച്ചവടമേഖലയിൽ കഴിവ് തെളിയിക്കുന്നതിനോടൊപ്പം കാരുണ്യ മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച ഐ മാൾ ഉടമ ഇബ്രാഹിം അബ്ദുൽ റഹിമിനും, സംഗീതത്തിന്റെ വിവിധ മേഖലകളിലുള്ള സമർപ്പണത്തിന് ശുഭ രഘുനാഥിനും കർമ്മ മിത്ര അവാർഡും സമ്മാനിച്ചു.
ആശുപത്രി മേഖലയിലെ മികവിന് ഹോളിക്രോസ്സ് ആശുപത്രിക്കും കാരുണ്യ മേഖലയിലെ പ്രവർത്തന മികവിന് എഫ് ഐ എച്ച് കോൺഗ്രീഗേഷനും, എം എസ് എസ് റ്റി കോൺഗ്രിഗേഷനും,ജോയ്ആലുക്കാസ് ഫൗണ്ടേഷനും,ഐ എസ് സി പഠന മികവിന് ഇൻഫന്റ്ജീസസ് സ്കൂളിനും ഐ സി എസ് ഈ പഠനമികവിന് മൗണ്ട് കാർമൽ സ്കൂളിനും ഇന്സ്ടിറ്റ്യുഷണൽ അവാർഡുകൾ നൽകി.
ജില്ലയിലെ വിവിധ മേഖലയിലുള്ള മുപ്പത് വ്യക്തിത്വങ്ങളെ മെഗാ ഷോയിൽ ആദരിച്ചു. ഗായകനും രാഷ്ട്രീയ നേതാവുമായ അഡ്വ. ആർ വിജയകുമാർ,ഹിന്ദുസ്ഥാനി സംഗീത ഗുരു സബീഷ് ബാല,വെസ്റ്റേൺ ഈസ്റ്റേൺ സംഗീത മേഖലയിലെ പ്രതിഭ കെ എസ് പ്രിയ,കാഫ് കൊല്ലം ചെയർമാൻ ബാലു, പിന്നണി ഗായകൻ എൽ എഫ് ക്രിസ്റ്റഫർ,ആരോഗ്യ മേഖലയിൽ ഡോ. സി ആർ ജയശങ്കർ, ഡോ. ബിജു നെൽസൻ,ബാങ്കിംഗ് രംഗത്തെ മികവിന് അൻസാർ അസീസ്,റോഡ് സുരക്ഷ വിദഗ്ധൻ എസ് ഐ ഷാനവാസ്,ദീപിക ബ്യുറോ ചീഫ് എസ് ആർ സുധീർ കുമാർ, അമൃത ടി വി റിപ്പോർട്ടർ സുജിത്, സാമൂഹ്യ പ്രവർത്തകൻ രാജു വി, ബോക്സിങ് മേഖലയിൽ നിന്ന് ഡോ. സി ബി റെജി, കാരുണ്യപ്രവർത്തകൻ റുവൽ സിംഗ്,കാഥികൻ വി വി ജോസ് കല്ലട, സാഹസിക നീന്തൽതാരം റിനോൾഡ് ബേബി,അധ്യാപന രംഗ മികവിന് ഗോപാലകൃഷ്ണൻ, കാരുണ്യമേഖലയിൽ ജോയ് ആലുക്കാസ് മാനേജർ അരുൺ,സാഹിത്യ മേഖലയിൽ കസ്തൂരി ജോസഫ്,സാമൂഹ്യപ്രവർത്തകൻ ഷിബു റാവുത്തർ, കാരുണ്യപ്രവർത്തകൻ മുജീബ് പള്ളിമുറ്റം,കാരുണ്യ സാമൂഹ്യ പ്രവർത്തകൻ സുമേഷ്, കാരുണ്യ പ്രവർത്തകൻ തേവള്ളി പ്രദീപ്,ആശാ വർക്കർ മിനിമോൾ,ചക്കമുക്ക് ഷാജി ജി ആർ, മിമിക്രി മഴവിൽ മനോരമ ഫെയിം കിരൺ ക്രിസ്റ്റഫർ,പഠന മികവിന് ഡോ. ദേവിക, സ്പോർട്സ് മേഖലയിൽ ലെന നോർബർട്ട്,കണ്ടുപിടുത്തങ്ങളും പ്രവർത്തന മികവുമായെത്തുന്ന അഫദ് എന്നിവർ ആദരവ് സ്വീകരിച്ചു.
ചാക്യാരും, മഴവിൽ മനോരമ ചിരിയോ ചിരി കോമഡി താരങ്ങളുടെ തമാശകളും , ഗാനങ്ങളും നൃത്തങ്ങളും നിറഞ്ഞ കരുതൽ നൈറ്റ് 2022 മെഗാ ഷോ കൊല്ലം ജനതയുടെ ഹൃദയത്തിൽ സന്തോഷ മഴയായി പെയ്തൊടുങ്ങി.കലാ പരിപാടികൾക്ക് ജോസ്ഫിൻ ജോർജ് വലിയവീട്, മുഖത്തല അനന്തു കൃഷ്ണ, കിരൺ ക്രിസ്റ്റഫർ, ഇമ്നാ ജോർജ് വലിയവീട്, മിജേഷ്, അമൃത പിള്ള, നന്ദന എന്നിവർ നേതൃത്വം നൽകി.ജോർജ് എഫ് സേവ്യർ വലിയവീട് രചിച്ച് ഗുരു സബീഷ് ബാല സംഗീതം ചെയ്ത കരുതൽ നൈറ്റ് തീം സോങ് കരുതൽ മ്യൂസിക് അക്കാദമിയിലെ ഹിന്ദുസ്ഥാനി സംഗീത വിഭാഗമായ ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ ആലപിച്ചതോടെ കലാപരിപാടികൾ സമാപിച്ചു.