മൃഗങ്ങളുടെ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നായകൾക്ക് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരിൽ ചിലർക്ക് നായകളിൽ നിന്നും കടിയേറ്റ സംഭവവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്പെഷ്യൽ വാക്സിനേഷൻ ആരംഭിച്ചത്. വെറ്ററിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേ വിഷ പ്രതിരോധ വാക്സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവർ അഭ്യർത്ഥിച്ചു.
