കൊട്ടാരക്കര: അടിച്ചമർത്തലുകൾക്കും ജാതി വിവേചനങ്ങൾക്കും എതിരെ കീഴാള ജനതയുടെ മോചനത്തിനായി തീക്ഷണമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു മഹാത്മ അയ്യങ്കാളിയെന്ന് സിപിഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ എസ് ഷാജി അഭിപ്രായപ്പെട്ടു. എ ഐ ഡി ആര് എം (ആൾ ഇന്ത്യാ ദളിത് റൈറ്റ്സ് മൂവ്മെന്റ്) കൊല്ലം ജില്ലാ കമ്മിറ്റി കൊട്ടാരക്കര പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാന കാലഘട്ടത്തിൽ ഉയർന്നു വരുന്ന ജാതി ചിന്തകളും പാർശ്വവൽക്കരിക്കപ്പെട്ട ജനതയ്ക്കെതിരെയുള്ള വിവേചനങ്ങളും ഇല്ലാതാക്കേണ്ട ഉത്തരവാദിത്വം പുരോഗമന പ്രസ്ഥാനങ്ങളുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ എഐഡിആർഎം ജില്ലാ പ്രസിഡന്റ് ബി.വിജയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.വിനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സരസ്വതി, മധു വെളിയം, ആർ.ജി.രതീഷ്, സുന്ദരൻ, പ്രദീപ്, ബിന്ദു എന്നിവർ സംസാരിച്ചു. ഷാജി പെരുങ്കുളം നന്ദിപറഞ്ഞു.
