സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്തും. ഭക്ഷണ സാധനങ്ങൾ, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും. സംസ്ഥാനത്തെ മൂന്നു വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ ചികിത്സ തേടേണ്ടി വന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്കൂളുകളിൽ നിന്നുള്ള ഭക്ഷണ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ഇതിന്റെ ഫലം അറിയാനാവുമെന്നും ഇതിനു ശേഷം മാത്രമേ കാരണം വ്യക്തമാകൂയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
