സംസ്ഥാനത്തെ ബഡ്സ് സ്കൂൾ ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സബ്സിഡി മാർഗനിർദേശങ്ങളിൽ ഇതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യൽ ടീച്ചർക്ക് 32,560 രൂപ വരെ നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റൻറ് ടീച്ചർമാരുടെ ഹോണറേറിയം 24,520 രൂപയായും വർധിപ്പിക്കാം. ആയമാരുടെ ഹോണറേറിയം 18,390 രൂപയായിരിക്കും. പ്രൊഫഷണൽ ബിരുദമുള്ള ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ സ്പെഷ്യലിസ്റ്റുകളുടെ സേവനം 1180 രൂപ പ്രതിദിന നിരക്കിൽ ബഡ്സ് സ്കൂളുകളിൽ ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.
