കൊട്ടാരക്കര : കൊല്ലം റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ 04 .04 .2022 ൽ എന്.എസ്.എസ് ആർട്സ് കോളേജിൽ വച്ച് സ്ത്രീകൾക്കും കുട്ടികൾക്കമുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. കൊല്ലം റൂറൽ എസ്.പി കെ.ബി.രവി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി യും സ്ത്രീ സുരക്ഷയുടെ ജില്ലാതല നോഡൽ ഓഫിസറുമായ അശോക് കുമാർ ആർ അധ്യക്ഷത വഹിച്ചു. അഡിഷണൽ എസ്.പി മധുസൂദനൻ ആശംസ അറിയിക്കുകയും വനിതാ സെൽ ഇൻസ്പെക്ടർ ഹനീസ ബീവി.എം സ്വാഗതം ആശംസിക്കുകയും ചെയ്തു. കൊല്ലം റൂറൽ ജില്ലയിൽ ഇതുവരെ 28000 ത്തോളം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പരിശീലന പരിപാടിയുടെ ജില്ലാതല മാസ്റ്റർ ട്രെയ്നർമാരായ എസ്. സി. പി.ഒ സിന്ധു പി. കെ , ശ്രീജ വി. ആർ ,ഹസ്ന.എം, എ.എസ്. ഐ ലീല എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും അക്രമങ്ങളിൽ നിന്നും സ്വയരക്ഷ നൽകുന്ന പരിശീലനമാണ് പദ്ധതിയിലൂടെ ലഭ്യമാക്കിയത്. ഏറ്റവും നൂതനമായ പരിശീലന പാഠങ്ങളാണ് പദ്ധതിയിലൂടെ നൽകിയത്.ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ, കോളേജ് വിദ്യർത്ഥിനികൾ എന്നിവർ വിദഗ്ദ്ധ പരിശീലനം പൂർത്തിയാക്കി.



പദ്ധതിയുടെ പ്രധാന സവിശേഷതകൾ ഇവയാണ്.
സമഗ്രമായ അവബോധത്തിലൂടെയും പ്രായോഗിക പരിശീലന പരിപാടിയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക. ഇരയുടെ സ്വഭാവത്തിൽ നിന്ന് മികച്ച സ്വഭാവത്തിലേക്ക് മാറുന്നതിനുള്ള ആത്മവിശ്വാസം വളർത്തുന്നതിനുള്ള ടിപ്പുകൾ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിയമപരമായ വശങ്ങളെക്കുറിച്ചുള്ള അവബോധം. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പോലീസ് സൗകര്യങ്ങളെക്കുറിച്ച് അവബോധം. ബാഗ് സ്നാച്ചിംഗ്, ചെയിൻ സ്നാച്ചിംഗ്, ലൈംഗിക ആക്രമണങ്ങൾ, ഈവ് ടീസിംഗ്, ബസ് / മെട്രോ ഭീഷണികൾ, ലിഫ്റ്റ് ആക്രമണം, എടിഎം ആക്രമണം, ഗാർഹിക പീഡനം തുടങ്ങിയ വിവിധ ഭീഷണികളെ നേരിടാനുള്ള ലളിതമായ പ്രതിരോധ തന്ത്രങ്ങൾ. ആക്രമണങ്ങളുടെയും ആക്രമണകാരികളുടെയും സ്വഭാവം, അപകടകരമായ ഒരു സാഹചര്യത്തെ എങ്ങനെ നേരിടാം. സ്ത്രീ ശാക്തീകരണത്തിന്റെ വശങ്ങളെക്കുറിച്ചുള്ള അവബോധം.