എഴുകോൺ : ഇടയ്ക്കിടം കിണറുമുക്കിൽ വൈഷ്ണവത്തിൽ പ്രതാപ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയ ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു സദനത്തിൽ ജിഷ്ണുവിനെ (27) എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വെളുപ്പിന് 12.30 മണിക്ക് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതാപന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ അടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ട് പ്രതാപനും ഭാര്യ ശ്രീകുമാരിയും പുറത്തിറങ്ങിയ സമയം പ്രതി അസഭ്യങ്ങൾ വിളിച്ചുകൊണ്ട് വീട്ടുമുറ്റത്ത് കിടന്ന ഇരുമ്പുകമ്പിയുമായി ശ്രീകുമാരിയേയും പ്രതാപനേയും ആക്രമിക്കുകയായിരുന്നു. അതിനുശേഷം പ്രതി വീടിന്റെ ജനൽ പാളികൾ അടിച്ചുതകർക്കുകയും മുറ്റത്ത് കിടന്ന ആൾട്ടോ കാർ, സ്വിഫ്റ്റ് കാർ, ആക്ടീവ സ്കൂട്ടർ, പിക്കപ്പ് വാൻ, ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ, എന്നിവ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു. ശ്രീകുമാരിയുടെ മകളുടെ ഫോൺ നമ്പർ പ്രതിക്ക് കൊടുക്കാത്തതിലുള്ള വിരോധത്താലാണ് പ്രതി അതിക്രമം നടത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പ്രതാപനും ശ്രീകുമാരിക്കും പരിക്ക് പറ്റുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചതിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുള്ളതാണ്. ശ്രീ കുമാരിയുടെ പരാതിയിൽ കേസെടുത്ത എഴുകോൺ പോലീസ് ഇന്നലെ ഉച്ചയ്ക്ക് പ്രതിയായ ജിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എഴുകോൺ ഐ.എസ്.എച്ച്.ഒ. ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്. ഐ. അനീസ്, എസ്. സി. പി. ഒ. ഗിരീഷ്, ബിനിൽ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
