കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാൽ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകൾ അടച്ചിട്ടാൽ വ്യാപാരികളെ ബാധിക്കും. വാഹനങ്ങൾ നിരത്തിലിറങ്ങാതെയിരുന്നാൽ അത് എല്ലാവരേയും ബാധിക്കും. അതിനാൽത്തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്ക്കരിച്ചിരിക്കുന്നത്. ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
