അന്തർസംസ്ഥാന കുറ്റവാളികളെ കുറിച്ചും, കേസ്സുകളെ കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുറ്റാന്വേഷണ സംഘങ്ങളുമായി ഫലപ്രദമായി പങ്കു വെക്കുന്നതിനും തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന Crime Intelligence കൂട്ടായ്മയുടെ 2021 വർഷത്തെ മികച്ച പോലീസുദ്യോഗസ്ഥനുള്ള അവാർഡിന് കൊല്ലം റൂറൽ കൺട്രോൾ റൂം എസ്സ്.ഐ. ശ്രീ. ആഷിർ കോഹൂർ അർഹനായി. കൊല്ലം റൂറൽ അഡി. എസ്സ്.പി. യുടെ ഓഫീസിൽ വച്ച് അഡി. എസ്സ്.പി. മധുസൂദനൻ പുരസ്ക്കാരം ആഷിർ കോഹൂറിന് നൽകി. മുൻ വർഷങ്ങളിൽ കുറ്റവാളികളെയും കുറ്റകൃത്യങ്ങളെ കുറിച്ചും കൃത്യമായി നിരീക്ഷിച്ച് അതിലൂടെ അനവധി കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനും നടത്തിയ വിലമതിക്കാനാകാത്ത സേവന മികവിനാണ് ആഷിർ കോഹൂറിനെ തേടി പുരസ്കാരമെത്തിയത്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലുള്ള പ്രാവീണ്യവും ഈ നേട്ടം കൈവരിക്കാൻ ആഷിർ കോഹൂറിന് സഹായമായി. നിലവിൽ കൊല്ലം റൂറൽ അഡി. എസ്സ്.പി. മധുസൂദനന്റെ നേതൃത്ത്വത്തിലുള്ള Special Action Group Against Organized Crimes ( SAGOC) ൽ പ്രവർത്തിയെടുത്ത് വരികയാണ്. ആഷിർ കോഹൂർ പ്രമാദമായ പല കേസുകളുടെ അന്വേഷണങ്ങളിലും നിർണായക പങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. സംസ്ഥാന പോലീസിന്റെ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം 5 തവണയും, 2020 ൽ ബഹു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ആഷിർ കോഹൂറിന് കിട്ടിയിട്ടുണ്ട്.
