തിരുവനന്തപുരം: തീർത്തും പരിസ്ഥിതിസൗഹൃദമായി സിൽവർ ലൈൻ പദ്ധതി പൂർത്തിയാക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുകയോ, പ്രളയം സൃഷ്ടിക്കുകയോ ചെയ്യില്ല. വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി ലോലമേഖലകളിലൂടെയോ, വന്യജീവി സങ്കേതങ്ങളിലൂടെയോ സിൽവർ ലൈൻ കടന്നുപോകുന്നില്ല. നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിലല്ല പദ്ധതിയുടെ അലൈൻമെന്റ്. പദ്ധതിയെ എതിർക്കുന്നവർക്ക് നിക്ഷിപ്തതാത്പര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വിശദീകരിച്ചത്.ഗ്രാമപ്രദേശങ്ങളിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകും. പട്ടണങ്ങളിൽ മാർക്കറ്റ് വിലയുടെ രണ്ടിരട്ടി നൽകും. 1730 കോടി രൂപ പുനരധിവാസത്തിന് മാത്രമായി നീക്കിവച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിന് മാറ്റിവച്ചു.
