കൊട്ടാരക്കര – കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറേയും കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ആവണീശ്വരം മുട്ടത്ത് തേരീ ഭാഗം ആശാഭവനിൽ അനുവിനെ (30) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ (24.12.2021) വൈകിട്ട് 6 മണിയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ബസ്സ് സ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നും കൊല്ലം വഴി കരുനാഗപ്പള്ളിക്ക് പോകുന്ന ബസ്സിൽ കണ്ടക്ടറായ വാളകം അണ്ടൂർ തടത്തിവിള വീട്ടിൽ സാജൻ കെ ജോണിനെയാണ് പ്രതി ആദ്യം ആക്രമിച്ചത്. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന് ബസ്സിന്റെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുവാൻ സ്ഥലം കൊടുത്തില്ല എന്ന് പറഞ്ഞ് ബസ്സ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ബസ്റ്റോപ്പിൽ എത്തിയ സമയം ബസ്സിലേക്ക് അതിക്രമിച്ചുകയറി കണ്ടക്ടറുടെ കോളറിൽ പിടിച്ച് ഐഡന്റിറ്റി കാർഡ് വലിച്ചു പൊട്ടിച്ചും ടിക്കറ്റ് മെഷീൻ തട്ടിയെടുത്ത് അടിച്ചുതകർക്കുകയും ബസിൽനിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ട് തടയാനായി വന്ന ബസ് ഡ്രൈവർ പവിത്രനേയും പ്രതി ആക്രമിക്കുകയായിരുന്നു . ആക്രമണത്തിൽ പരിക്ക് പറ്റിയ കണ്ടക്ടർ സാജൻ കെ ജോണിന്റെ മൊഴി പ്രകാരം കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചതിനും, ബസ് ട്രിപ്പ് മുടക്കിയതിനും, ടിക്കറ്റ് മെഷീൻ നശിപ്പിച്ചതിനും, ഡ്രൈവറുടേയും കണ്ടക്ടറുടേയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
