കൊല്ലം: വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിലാണ് പരാമര്‍ശം. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ ഭര്‍തൃഗൃഹത്തില്‍ ഗാര്‍ഹികപീഡനം നേരിടുന്നു എന്ന പരാതിയുമായി ഒട്ടേറെ സ്ത്രീകളാണ് വനിതാകമ്മീഷനെ സമീപിക്കുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ വിവാഹ പൂര്‍വ്വ കൗണ്‍സിലിങ്ങില്‍ വധൂവരന്മാർ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
വയോജനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുന്നില്ലെന്ന പരാതികളും നിരന്തരം എത്തുന്നു. വൃദ്ധമാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ മക്കള്‍ വിമുഖത കാട്ടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. 85 വയസ്സായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന് കാണിച്ച് കമ്മീഷനില്‍ എത്തിയ പരാതി പരിഗണിക്കവേയാണ് നിരീക്ഷണം. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശിച്ചു.
