കൊട്ടാരക്കര : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ നേടി മികച്ച വിജയം കൈവരിച്ച കൊല്ലം റൂറൽ ജില്ലയിലെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുന്നതി നായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രതിഭാ സംഗമം കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത് പ്രതിഭകൾക്ക് ആശംസകൾ നേർന്നു. വിദ്യാഭ്യാസത്തിലൂടെ അറിവുകൾ നേടിയെടുക്കുന്നതിനും നേടിയെടുക്കുന്ന അറിവുകൾ സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നമ്മൾ നേടുന്ന വിദ്യാഭ്യാസത്തിന് കൂടുതൽ തിളക്കങ്ങൾ ഉണ്ടാകുന്നത് എന്നും, ജില്ലയിൽ ടെലികമ്യൂണിക്കേഷൻ യൂണിറ്റ് തുടങ്ങുന്നതിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കുമെന്നും, ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വിശിഷ്ട സേവനത്തിനായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവർ അവരുടെ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരാണെന്നും അഭിപ്രായപ്പെട്ടു. എസ്എസ്എൽസി, പ്ലസ് ടു വിഭാഗത്തിൽ എല്ലാ വിഷയത്തിനും A+/A1 നേടിയ 38 പ്രതിഭകളെയും വിവിധ സർവകലാശാലകളിൽ നടന്ന അക്കാഡമിക് പരീക്ഷകളിൽ രണ്ടാം റാങ്ക് നേടിയ രണ്ടുപേർ ഉൾപ്പെടെ 40 പ്രതിഭകളാണ് അനുമോദനത്തിനർഹരായത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ ബി രവി ഐപിഎസ് മുഖ്യാതിഥിയായും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് മുഖ്യ പ്രഭാഷകനായും, കൊട്ടാരക്കര ഡിവൈഎസ്പി സുരേഷ്.ആർ, അരുൺ എസ്, ഗിരീഷ് എസ്, ഷൈജു.എസ്, പി കൃഷ്ണകുമാർ തുടങ്ങിയവർ പ്രതിഭകളെ അനുമോദിച്ച് സംസാരിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ പ്രസിഡണ്ട് എം രാജേഷ് അധ്യക്ഷത വഹിച്ച അനുമോദന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ഉണ്ണികൃഷ്ണപിള്ള സ്വാഗതവും ജില്ലാ ട്രഷറർ സാജു ആർ എൽ നന്ദിയും പറഞ്ഞു. കോവിഡ് മാനദണ്ഡപ്രകാരം നടത്തിയ അനുമോദന ചടങ്ങിൽ കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു.
