സഹകരണ ബാങ്കുകളില്‍ ഓഡിറ്റിംഗ് നടത്താന്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ റാങ്കിലുളള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഓഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സിപിഎം ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലടക്കം വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനാലാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന ആക്ഷേപം പൊതുസമൂഹത്തില്‍ ശക്തമാണ്. ഇതേ തുടര്‍ന്നാണ് സഹകരണ വകുപ്പിന്റെ മുഖം മിനുക്കല്‍ നടപടി. ഓഡിറ്റ് സംവിധാനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സഹകരണ മന്ത്രി വി എന്‍ വാസവന് ബാങ്ക് പ്രസിഡന്റുമാരുടെ യോഗം വിളിച്ചിരുന്നു.
ഓണ്‍ലൈനായി നടന്ന യോഗത്തിലാണ് ഓഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ തീരുമാനം ആയത്. സഹകരണ ബാങ്കുകളില്‍ ഓഡിറ്റിംഗ് നടത്താന്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ റാങ്കിലുളള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പില്‍ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പരാതികളില്‍ കൃത്യമായ നടപടിയും പരിശോധനകളും ഉണ്ടാകുമെന്നും യോഗത്തില്‍ മന്ത്രി വി എന്‍ വാസവന് കൂട്ടിച്ചേര്‍ത്തു.
കരുവന്നൂരിലെ സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ പരാതി ഉയര്‍ന്ന സമയത്ത് ഉദ്യോഗസ്ഥര്‍ വകുപ്പ് തല നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളെ സംരക്ഷിക്കുന്നതിന് ഇടതുപക്ഷ ട്രേഡ് യൂണിയന് പ്രവര്‍ത്തകരായ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വഴിയൊരുക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥരെ ബലിയാടാക്കി സംസ്ഥാന സര്‍ക്കാര്‍ മുഖം രക്ഷിച്ചു. ക്രമക്കേടുകള്‍ നടത്തുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും പാര്‍ട്ടി നേതാക്കള്‍ക്ക് ഒത്താശ ചെയ്ത സഹകരണ വകുപ്പിലെ 16 ജീവനക്കാരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തു. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ മറപിടിച്ചായിരുന്നു നടപടി.
ജനരോഷം തണുപ്പിക്കാന്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയായിരുന്നു. തൃശ്ശൂര്‍ ജോയിന്റ് റജിസ്ട്രാര്‍ മോഹന്മോന് പി. ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ ഭൂമി ഇടപാട് കണ്ടെത്താനും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ തേടി രജിസ്ട്രേഷന് ഐജിക്ക് അന്വേഷണ സംഘം കത്ത് നല്കി. പ്രതികളുടേയും ബന്ധുക്കളുടേയും പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിയിടപാട് സംബന്ധിച്ചുള്ള വിവരങ്ങളാണ് ആരാഞ്ഞത്.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികള്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളുടെ പേരിലും ബന്ധുക്കളുടെ പേരിലും ബിനാമികളുടെ പേരിലും വസ്തുക്കള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. അത് ഏതെല്ലാമാണെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രതികളുടെ സ്വത്ത് വിലയിരുത്തുന്നതിനുകൂടിയാണ് ഈ നടപടി. റിസോര്‍ട്ട് ഇടപാടിനുള്പ്പടെ തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതികള്‍ കൈമാറിയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അതും പരിശോധിച്ചുവരികയാണ്.