വില കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച മില്മയിലോ സര്‍ക്കാര്‍ തലത്തിലോ നടന്നിട്ടില്ല. പാല് വില കൂട്ടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മില്‍മ ചെയര്മാന് കെ.എസ് മണി. ഹോം ഡെലിവറി സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മില്‍മ. മുഖം മിനുക്കി വിപണി കീഴടക്കുകയാണ് മില്‍മയുടെ ലക്ഷ്യം. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് ക്ഷീരകര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. അതിര്‍ത്തി കടന്ന് ഗുണനിലവാരമില്ലാത്ത പാല് എത്തുന്നത് തടയാന്‍ ചെക്പോസ്റ്റുകളില്‍ ആരോഗ്യവകുപ്പും ക്ഷീരവികസന വകുപ്പും സംയുക്ത പരിശോധന നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വില കൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച മില്മയിലോ സര്‍ക്കാര്‍ തലത്തിലോ നടന്നിട്ടില്ല. കടുത്ത മത്സരം നേരിടുന്ന കാലത്ത് മില്‍മയുടെ വിവിധ ഉത്പന്നങ്ങളിലൂടെ വിപണി കീഴടക്കാനാണ് ലക്ഷ്യമിടുന്നതെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു.
പരമാവധി പാല് സംഭരിക്കാനുള്ള ഇടപെടലുകള്‍ മൂന്ന് മില്‍മ മേഖല യൂണിയന് കീഴിലും നടത്തുന്നുണ്ട്. കേരളത്തിലെ പാല് ഉത്പാദനത്തിലുണ്ടായ വര്‍ദ്ധന മികച്ച സൂചന നല്‍കുന്നതാണ്. കൊറോണ പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രവാസികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പശുവളര്‍ത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികള്‍ക്ക് മാത്രമാണ് മുന്‍ഗണനയെന്നും ചെയര്മാന് പറഞ്ഞു.
കൊറോണ കാലത്ത് സംഭരിച്ച അധിക പാല് പാല്‍പ്പൊടിയാക്കി സൂക്ഷിക്കാനായിട്ടുണ്ടെന്നത് നേട്ടമാണ്. മലപ്പുറം മൂര്‍ക്കനാട്ടെ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് പൂര്‍ത്തിയാകുന്നതോടെ, പാല്‍പ്പൊടി നിര്‍മ്മാണത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ, മറ്റ് വിദേശ രാജ്യങ്ങളിലേക്കും മില്‍മയുടെ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ചെയര്മാന് കെ.എസ് മണി അറിയിച്ചു.