ന്യൂഡല്‍ഹി: കേരളത്തില്‍ ആകെ ജനസംഖ്യയുടെ 44 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്ന് ഐ.സി.എം.ആറിന്റെ സിറോസര്‍വേ റിപ്പോര്‍ട്ട്. അതേസമയം, 67 ശതമാനമാണ് ദേശീയശരാശരി. വലിയ വിഭാഗം ജനങ്ങള്‍ക്ക് ഇനിയും കോവിഡ് ബാധിച്ചിട്ടില്ലായെന്നത് വരുംനാളുകളിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ രോഗവ്യാപനം കേരളത്തില്‍ ഉണ്ടായേക്കാമെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുപതിനായിരത്തിന് മുകളിലാണ് കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പകുതിയോളം കേസുകളും കേരളത്തിലാണ്. കോവിഡിനെതിരായ ആന്റിബോഡി എത്രപേരിലുണ്ടെന്ന് കണക്കാക്കിയാണ് സിറോസര്‍വേയില്‍ ആകെ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തുന്നത്. കേരളത്തില്‍ ഇത് ഏറ്റവും കുറവായത് രോഗം കൃത്യമായി കണ്ടെത്തുന്നതു കൊണ്ടാണെന്നാണ് വിലയിരുത്തല്‍.
ദേശീയതലത്തില്‍ 26 പേര്‍ക്ക് വൈറസ് ബാധിക്കുമ്ബോള്‍ ഒരാളുടെ രോഗം മാത്രമേ കണ്ടെത്താനാവുന്നുള്ളൂവെന്നാണ് കണക്ക്. എന്നാല്‍, കേരളത്തില്‍ അഞ്ച് പേര്‍ക്ക് വൈറസ് ബാധയേല്ക്കുമ്ബോള് ഒരാളുടെ അസുഖം കണ്ടെത്താനാവുന്നുണ്ട്.
കേരളത്തില്‍ 33 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് കണ്ടെത്താനായത്. സിറോ സര്‍വേ പ്രകാരമാണെങ്കില്‍ കേരളത്തില്‍ 1.6 കോടി പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടാകും. ദേശീയതലത്തില്‍ 3.1 കോടി കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, 80 കോടി പേര്‍ക്കെങ്കിലും വൈറസ് ബാധിച്ചിരിക്കാമെന്നാണ് സിറോസര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നത്. മധ്യപ്രദേശിലാണ് ജനസംഖ്യാ അനുപാതത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം വന്നതായി കണക്കാക്കുന്നത്. ആകെ ജനസംഖ്യയുടെ 79 ശതമാനത്തിനും മധ്യപ്രദേശില്‍ രോഗം വന്നുകഴിഞ്ഞതായാണ് സിറോസര്‍വേ കണ്ടെത്തല്‍.