കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ശേഷം വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റ വേരിയന്റിനെതിരെ ഉയർന്ന പ്രതിരോധ ശേഷി കണ്ടെത്തിയതായി പഠനം. കോവിഷീൽഡിന്റെ ഒന്നോ രണ്ടോ ഡോസ് വാക്സിൻ എടുത്തവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ വർധിച്ച പ്രതിരോധ ശേഷി കണ്ടുവരുന്നതായാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പുതിയ പഠനം തെളിയിക്കുന്നത്.
കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റിനെ പ്രതിരോധിക്കുന്നതിൽ ഹ്യൂമറൽ, സെല്ലുലാർ രോഗപ്രതിരോധ ശേഷി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഠനം ചൂണ്ടി കാണിക്കുന്നു. കോവിഷീൽഡ് (ആദ്യ ഡോസും രണ്ടാമത്തെ ഡോസും) എടുത്തവരിലും കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ശേഷം വാക്സിൻ സ്വീകരിച്ചവരിലും (ആദ്യ ഡോസും രണ്ടാമത്തെ ഡോസും), ബ്രേക്ക്ത്രൂ അണുബാധ ഉണ്ടായവരിലുമാണ് പഠനം നടത്തിയത്. നിലവിൽ രാജ്യത്ത് ലഭ്യമായ വാക്സിനുകൾ കൊറോണ വൈറസിനെതിരെ ശക്തമായ ഹ്യൂമറൽ, സെല്ലുലാർ രോഗപ്രതിരോധ ശേഷി നൽകുന്നതാണെന്നും പഠനം കണ്ടെത്തി.
അതേസമയം, ഭാരത് ബയോടെക് ഐസിഎംആര്‍ സഹകരണത്തില്‍ വികസിപ്പിച്ച കോവാക്സിന് കോവിഡ് തടയുന്നതില്‍ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങള്‍. കൊറോണ വൈറസിനെതിരെ വാക്സിന് 77.8 ശതമാനം ഫലപ്രദമാണ്. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന് 65.2 ശതമാനവും ഫലപ്രദമാണെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. 2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയില്‍ 25,798 പേരിലാണ് വാക്സിന് പരീക്ഷണം നടത്തിയത്.