ദില്ലി: ഇന്ത്യന്‍ മരുന്നുനിര്‍മ്മാണ കമ്ബനിയായ സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ ഒരു പുതിയ വാക്സിന് വികസിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ വാക്സിന് ഉടന്‍ വിതരണം ചെയ്ത് തുടങ്ങുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആര്‍ക്കും വാക്സിന് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്നും കേന്ദ്രം ഉറപ്പുനല്‍കി. വാക്സിന് നല്കുന്നതില് സംസ്ഥാനങ്ങള്‍ക്കും
കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വന്നേക്കാവുന്ന തടസ്സങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കോവിന്‍പോര്‍ട്ടല്‍ രൂപകല്പന ചെയ്തിട്ടുള്ളതെന്നും കേന്ദ്രം അറിയിച്ചു.
എന്നാല്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 31 കോടി വാക്സിന് ഡോസുകളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതില്‍ 1.73 ഡോസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വിതരണം ചെയ്തതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. 2.66 കോടി ഡോസുകള്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്കി. 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 9.93 കോടി ഡോസുകളും 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് 8.96 കോടി ഡോസുകളും നല്കി. 18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് 7.84 കോടി ഡോസ് വാക്സിനുകള്‍ നല്കി. 45 വയസ്സിന് മുകളില്‍ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിലെ 44.2 ശതമാനം പേരും 18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ള വിഭാഗത്തിലെ 13 ശതമാനം പേരും ഇതിനോടകം ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.