കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മൂന്നാം തരംഗം ഉണ്ടായാൽ നടപ്പിലാക്കേണ്ട ആക്ഷൻ പ്ലാൻ ആവിഷ്ക്കരിച്ചു. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനോടൊപ്പം പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാൻ ശ്രമിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്സിൻ ലഭ്യമാക്കുകയും സൗകര്യങ്ങളും ജീവനക്കാരേയും വർധിപ്പിക്കുകയും വേണം. രജിസ്ട്രേഷൻ ചെയ്യാൻ അറിയാത്ത സാധാരണക്കാർക്കായി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്സിനേഷൻ സുഗമമായി നടത്തണമെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റേയും ലോക് ഡൗണിന്റേയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. നിലവിൽ കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളിൽ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. പക്ഷെ മൂന്നാം തരംഗം മുന്നിൽ കണ്ട് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. ഓക്സിജൻ കിടക്കകൾ, ഐ.സി.യു., വെന്റിലേറ്റർ എന്നിവയുടെ എണ്ണവും വർധിപ്പിക്കും. ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രതിദിന ഉത്പാദനം 60 മെട്രിക് ടൺ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്സിജൻ പ്ലാന്റുകൾ എത്രയും വേഗം പൂർത്തിയാക്കും. മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധനാ സാമഗ്രികൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ സംഭരിക്കാൻ കെ.എം.എസ്.സി.എലിന് നിർദേശം നൽകി.മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന് കണ്ട് തിങ്കളാഴ്ച മുതൽ പീഡിയാട്രിക് സൗകര്യങ്ങൾ ഉയർത്തുന്നുണ്ട്. വിദഗ്ധ പരിശീലനവും ആരംഭിച്ചു. പീഡിയാട്രിക് ഐ.സി.യു. കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി.
ജില്ലകളിലെ ഇപ്പോഴത്തെ അവസ്ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. ജില്ലാ തലത്തിൽ ആശുപത്രികളിൽ നിലവിലുള്ള സംവിധാനങ്ങളും ഇനി ആവശ്യമായതും സംബന്ധിച്ചുള്ള റിപ്പോർട്ട് ചൊവ്വാഴ്ച നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു പരിപാടിയും ആരോഗ്യ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കരുതെന്നും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ. രമേഷ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലബീവി, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.