ഇന്ന് ജൂണ്‍ ഏഴ്, ലോക ഭക്ഷ്യ സുരക്ഷ ദിനം. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഓരോ ഭക്ഷ്യസുരക്ഷാ ദിനവും.വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നില്‍ കൊണ്ടുവരിക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തര്‍ദേശീയതലത്തില്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നല്‍കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനും (എഫ്എഒഒ) സംയുക്തമായി അംഗരാജ്യങ്ങളുമായും മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ച് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ച് വരുന്നു.
‘ഇന്ന് സുരക്ഷിതമായ ഭക്ഷണം കഴിക്കൂ, ആരോഗ്യകരമായ നാളെയ്ക്കായി’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യദിനത്തിലെ ആശയം.
ഭക്ഷണമാണ് മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു ഘടകം. ദാരിദ്ര്യം മൂലം ആളുകള്‍ മരിച്ചുകൊണ്ടേയിരിക്കുന്ന ഈ ലോകത്തില്‍ ഇരുന്ന് കൊണ്ട് തന്നെയാണ് എന്നിട്ടും നമ്മള് ഭക്ഷണം പാഴാക്കുന്നത്. നൂറ് കിലോഗ്രാമോളം ഭക്ഷണം ഒരാള്‍ ഒരു വര്‍ഷം പാഴാക്കിക്കളയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
