കൊട്ടാരക്കര : കെ.എൻ.ബാലഗോപാൽ എം.എൽ.എ.യുടെ വെഹിക്കിൾ ചലഞ്ചേറ്റെടുത്ത് രജിസ്റ്റർ ചെയ്ത അധ്യാപകൻ രോഗിയെ പരിശോധനാ കേന്ദ്രത്തിലെത്തിച്ച് മാതൃകയായി.
കോവിഡ് സംശയിച്ച എഴുകോണിലുളള വീട്ടമ്മയ്ക്കാണ് എഴുകോൺ വിവേകോദയം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ.എസ്.ആനന്ദ് സഹായിയായത്.
എഴുകോണിലുള്ള വീട്ടമ്മയ്ക്ക് പനി കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പോകാൻ വാഹന സൗകര്യം തേടിയത്.പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക്കിൽ വിളിച്ചെങ്കിലും നിലവിൽ സർവീസ് നടത്തുന്ന രണ്ട് ആംബുലൻസുകളും ഓട്ടത്തിലായിരുന്നു.
തുടർന്ന് ഡി.വൈ.എഫ്.ഐ. വില്ലേജ് സെക്രട്ടറി ബിബിൻ കെ.എൻ.ബാലഗോപാലിൻ്റെ കൊട്ടാരക്കരയിലെ ഹെൽപ്പ് ഡെസ്ക്കിൽ ബന്ധപ്പെട്ടു. ഇവിടെ നിന്ന് വിവരമറിയിച്ചതിനെ തുടർന്ന് പി.പി.ഇ.കിറ്റ് ധരിച്ച് വാഹനവുമായെത്തിയ ആനന്ദ് രോഗിയെ ആശുപത്രിയിലും കോവിഡ് പരിശോധനാ കേന്ദ്രത്തിലും എത്തിച്ചു.കെ.എസ്.ടി.എ. കൊട്ടാരക്കര സബ് ജില്ലാ ട്രഷററും വൊക്കേഷണൽ ഹയർ സെക്കണ്ടറി തല നാഷണൽ സർവീസ് സ്കീമിൻ്റെ ജില്ലാ കോ-ഓർഡിനേറ്ററുമാണ്.
ബിബിനും സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് സഹായത്തിനുണ്ടായി.
രണ്ട് ദിവസം മുൻപാണ് ബാലഗോപാൽ തൻ്റെ ഫേസ് ബുക്ക് പേജിലൂടെ വെഹിക്കിൾ ചലഞ്ച് പ്രഖ്യാപിച്ചത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു പഞ്ചായത്തിൽ അഞ്ച് വാഹനങ്ങളെങ്കിലും സജ്ജമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ടായിരുന്നു ഇത്. ഇതു വരെ അൻപതോളം വാഹനങ്ങൾ ചലഞ്ച് വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വെഹിക്കിൾ ചലഞ്ചിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങൾ അടുത്ത ദിവസം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറും.
