അടിമാലി: കോവിഡിെന്റ രണ്ടാം വ്യാപനത്തോടെ തകര്‍ന്ന് ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖല. കഴിഞ്ഞ വര്‍ഷം കോവിഡ് ആരംഭത്തില്‍ തന്നെ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാലു മാസം മുമ്ബാണ് തുറന്നത്. വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹോംസ്റ്റേ, സ്പൈസസ്, വസ്ത്രം തുടങ്ങി എല്ലാ സ്ഥാപനങ്ങളും അടച്ച് പൂട്ടേണ്ടി വന്നു. പൂര്‍ണമായും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലെങ്കിലും പ്രാദേശിക കോവിഡ് ജാഗ്രത സമിതികള്‍ നല്കുന്ന റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലാണ് അടക്കുന്നത്. ജില്ലയില്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന മൂന്നാര്‍, ചിന്നക്കനാല്‍ തുടങ്ങിയ പ്രദേശങ്ങള്‍ സഞ്ചാരികളില്ലാതെ വിജനമായ അവസ്ഥയിലാണ്. കൂടുതല്‍ സഞ്ചാരികളെത്തുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണ്. ലോക്ഡൗണിന് സമാന നിയന്ത്രണം വന്നേപ്പാള്‍ പ്രദേശവാസികള്‍പോലും പുറത്തിറങ്ങാതെ വീടുകളില്‍ തങ്ങിയതോടെ ഹര്‍ത്താലിന് സമാനമാണ്.തിരക്കേറിയ ഇടങ്ങളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ പൊലീസും രംഗത്തുണ്ട്. ഇതോടെ ടൂറിസം രംഗത്തെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും തിരിച്ചടിയായി. പൂര്‍ണമായും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുന്നത്, ഇവ നശിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ വര്‍ഷം അടച്ചിട്ടതിനാല്‍ റിസോര്‍ട്ടുകള്‍ അടക്കം പുതുക്കിപ്പണിതും മറ്റുമാണ് തുറന്നത്. ഇതിനു തന്നെ വലിയ തുകയാണ് ചെലവഴിച്ചത്. ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി 500ന് മേല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ മേഖലയിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. തൊഴില്‍ നഷ്ടം കുടുംബങ്ങളെയും പട്ടിണിയിലാക്കുന്നു.വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിശ്ചലമായതോടെ സംജാതമായ തൊഴില്‍ നഷ്ടം തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുന്നു. ശുചീകരണ, പാചക, തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്.
