കോഴിക്കോട് : സോളാർതട്ടിപ്പുമായി ബന്ധപ്പെട്ടു കോഴിക്കോട്ടെ കേസിൽ രണ്ടാം പ്രതി സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിനതടവ്. തടവുശിക്ഷ കൂടാതെ സരിതക്ക് 30,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് മൂന്നാം ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസേ്ട്രറ്റ് കെ. നിമ്മിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ ശിക്ഷ പിന്നീട് വിധിക്കാനായി മാറ്റി.ശിക്ഷാനിയമം 419 (വഞ്ചന), 471 (രേഖകളില്‍ കൃത്രിമം), 406 (വിശ്വാസ വഞ്ചന), 402 (സാധനങ്ങള്‍ നല്‍കാമെന്നേറ്റ് വഞ്ചിക്കല്‍) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. രാവിലെ രണ്ട് പ്രതികള്‍ക്കെതിരെയും കുറ്റങ്ങള്‍ തെളിഞ്ഞതായി കണ്ടെത്തിയ കോടതി, കേസിലെ മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു. സംസ്ഥാനത്ത് സോളാര്‍ തട്ടിപ്പ് പരമ്ബരയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. നേരത്തേ വിധിപറയാന്‍ വച്ച കേസില്‍ വിവിധ ദിവസങ്ങളില്‍ ഹാജരാവാത്തതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാന്റിലായ സരിതയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബിജു രാധാകൃഷ്ണന് വേണ്ടി ഇന്ന് അഭിഭാഷകന് അവധിയപേക്ഷ നല്കി. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജെഫ്രി ജോര്‍ജ് ജോസഫും ബിജു രാധാകൃഷ്ണന് വേണ്ടി അഡ്വ. പ്രദീപ്കുമാറും സരിതക്ക് വേണ്ടി അഡ്വ. പ്രേംലാലും ഹാജരായി.രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിരപരാധിയാണെന്നും സരിത കോടതിയില്‍ പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. സോളാര്‍ കമ്ബനിയുടെ രണ്ടാമത്തെ ഡയറക്ടര്‍ മാത്രമാണ്. കമ്ബനിയുടെ ഒന്നാമത്തെ ഡയറക്ടറും ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്നാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും സരിത ചൂണ്ടിക്കാട്ടിയിരുന്നു.2012ലാണ് സരിത നായര്‍ അടക്കമുള്ള മൂന്നു പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. നടക്കാവ് സെന്റ് വിന്‍സെന്റ് കോളനി ‘ഫജര്‍’ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ നല്‍കാമെന്ന് പറഞ്ഞ് 42.7 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. കൂടാതെ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ സോളാര്‍ കമ്ബനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും പ്രതികള്‍ വാഗ്ദാനം ചെയ്തെന്നാണ് പരാതി. ലക്ഷ്മി നായര്‍, ആര്.ബി. നായര്‍ എന്നീ പേരിലാണ് സരിത നായരും ബിജു രാധാകൃഷ്ണനും അബ്ദുല്‍ മജീദിനെ സമീപിച്ചത്.
