കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് എത്തിയതായിരുന്നു അദ്ദേഹം.
കൊച്ചി: കേരളത്തില്‍ ബിജെപി നിലമെച്ചപ്പെടുത്തുമെന്ന് ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് എത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി നിലമെച്ചപ്പെടുത്തും. മോദിയുടെ വികസന തന്ത്രങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടത് വലത് മുന്നണികള്‍ അഴിമതി മാത്രമാണ് നടത്തുന്നത്. ഭാവിയില്‍ നിരവധി കായിക താരങ്ങള്‍ ബിജെപിയില്‍ ചേരുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന പ്രചാരണ വിഷയമാണെന്ന് ഗംഭീർ കൂട്ടിച്ചേർത്തു. വിശ്വാസികളുടെ വികാരത്തിന് ആണ് പ്രഹരമേറ്റത്. അതിന് സർക്കാർ മറുപടി പറയേണ്ടി വരുമെന്നും ഗംഭീർ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയുടെ പാലക്കാട്ടേയും തൃശൂരിലേയും സ്ഥാനാർത്ഥികളായ ഇ. ശ്രീധരനും സുരേഷ് ഗോപിയും മികച്ച മനുഷ്യരാണ്. അവർക്ക് നാടിന് നല്ല സംഭാവന നൽകാൻ കഴിയും. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കുന്ന കാര്യം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ന് രാത്രി ഒന്‍പത് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലെത്തും. 10.30 ന് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്കുള്ള റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്കൂൾ മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. 2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടർന്ന് കഞ്ചിക്കോട് എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെയുളള റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് കോയമ്പത്തൂരിലേക്ക് പോകും.
സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്. 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 104 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തു.