വയനാട് : നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയുടെ അതിർത്തി ചെക് പോസ്റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നു. ജില്ലയിലെ അതിർത്തി പ്രദേശങ്ങളായ ചാമരാജനഗർ, കൊടക്, മൈസൂർ എന്നിവിടങ്ങളിലെ ജില്ലാ കളക്ടർമാർ, പോലീസ് മേധാവികൾ എന്നിവരുമായി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള വീഡിയോ കോൺഫറൻസിലൂടെ നടത്തിയ യോഗത്തിലാണ് തീരുമാനം. അതിർത്തി ചെക് പോസ്റ്റുകളിൽ പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഓഫീസർമാർ, സ്റ്റാറ്റിക് സർവ്വെയിലൻസ് ടീം, ഫ്ലൈയിംഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം ഉറപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്കുള്ള കാട്ടുവഴികളിലും നിരീക്ഷണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള രണ്ട് ദിവസങ്ങളിലും, വോട്ടെണ്ണൽ ദിവസവും അതിർത്തി പ്രദേശങ്ങളിൽ മദ്യ വിൽപ്പന തടയുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും. മാവോവാദി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വനാതിർത്തിയോട് ചേർന്നുള്ള ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ്ങും ഉറപ്പാക്കും. കർണാകയിലെ ഇഞ്ചി, കാപ്പി കൃഷിയിൽ ഏർപ്പെട്ടിട്ടുള്ള പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ള ജില്ലയിലെ കർഷകർക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നതിനായി ഏപ്രിൽ അഞ്ച്, ആറ് ദിവസങ്ങളിൽ അവധി നൽകണമെന്ന ആവശ്യവും യോഗത്തിൽ പരിഗണിച്ചു.
യോഗത്തിൽ ചാമരാജനഗർ ജില്ലാ കളക്ടർ ഡോ. എം.ആർ. രവി, മൈസൂർ ജില്ലാ കളക്ടർ രോഹിണി സിന്ദൂരി, കൊടക് ജില്ലാ കളക്ടർ ചാരുലത സൊമാൽ, വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ, ചാമരാജനഗർ ജില്ലാ പോലീസ് മേധാവി അനന്ദ കുമാർ, മൈസൂർ ജില്ലാ പോലീസ് മേധാവി സി.ബി. റിഷ്യന്ദ്, കൊടക് ജില്ലാ പോലീസ് മേധാവി ക്ഷമ മിശ്ര തുടങ്ങിയവർ പങ്കെടുത്തു.
