തിരുവനന്തപുരം : ഈ മാസം പതിനേഴിനു തുടങ്ങാൻ നിശ്ചയിച്ചിരുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാൻ സർക്കാർ തെരഞ്ഞെടുപ്പു കമിഷന്റെ അനുമതി തേടി. ഏപ്രിൽ ആറിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. അധ്യാപകർക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി ഉള്ളതിനാൽ പരീക്ഷ നടത്തൽ പ്രയാസമാവുമെന്നു സർക്കാർ ചൂണ്ടിക്കാട്ടി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ തെരഞ്ഞെടുപ്പിനു ശേഷം നടത്തുന്ന വിധത്തിൽ പുനക്രമീകരിക്കാൻ അനുമതി തേടിയാണ് സർക്കാർ തെരഞ്ഞെടുപ്പു കമിഷനെ സമീപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ കമിഷന്റെ അനുമതിയോടെ മാത്രമേ സർക്കാരിനു ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. മാർച്ച് പതിനേഴിനു തുടങ്ങി ഏപ്രിൽ രണ്ടിനു തീരുന്ന വിധത്തിലായിരുന്നു വാർഷിക പരീക്ഷകൾ ക്രമീകരിച്ചിരുന്നത്. അധ്യാപകർക്കു തെരഞ്ഞെടുപ്പു പരീശീലന ക്ലാസുകളിൽ ഉൾപെടെ ഹാജരാവേണ്ടി വരുന്നതിനാൽ പരീക്ഷാ നടത്തിപ്പിനു പ്രയാസം നേരിടുമെന്നു വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
നാലു ദിവസം കൊണ്ട് ക്ലാസ് മുറികളെ പരീക്ഷയ്ക്കു വേണ്ടി ഒരുക്കുക എന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് സർക്കാരിന്റെ നീക്കം.