ജറുസലേം: ഫലസ്തീൻ വനിതാ എംപിയും പോപുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ (പിഎഫ്എൽപി) അംഗവുമായ ഖാലിദ ജറാറിന് ഇസ്രായേൽ സൈനിക കോടതി രണ്ട് വർഷം തടവും 1,200 ഡോളർ പിഴയും വിധിച്ചു.
ഖാലിദ ജറാറിന് രണ്ടു വർഷം തടവും 4000 ഷെക്കേൽ പിഴയുമാണ് അധിനിവിഷ്ട റാമല്ലയ്ക്ക് പടിഞ്ഞാറുള്ള ഒഫർ സൈനിക കോടതി വിധിച്ചതെന്ന് അഡാമീർ പ്രിസൺ സപ്പോർട്ട് ആന്റ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷനിലെ മാധ്യമ വിഭാഗം മേധാവി ഹെബ ഹമാർഷയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അനദൊളു റിപോർട്ട് ചെയ്തു.
2019 ഒക്ടോബർ 31ന് റാമല്ലയിലെ വസതിയിൽനിന്ന് ജറാറിനെ അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തു. ഇസ്രായേൽ സൈന്യം നിരോധിച്ച പിഎഫ്എൽപിയുടെ ഭാഗമായി എന്നാരോപിച്ചാണ് ഇവർക്കെതിരേ കുറ്റം ചുമത്തിയത്. വെസ്റ്റ് ബാങ്കിലെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) രണ്ടാമത്തെ വലിയ വിഭാഗമായ പിഎഫ്എൽപിയുടെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ജറാർ. മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.