പട്ടുശ്ശേരി ഡാം പുനർനിർമാണം കാത്ത് കർഷകർ

മറയൂർ: പട്ടുശ്ശേരി ഡാമിന്റെ പുനർനിർമാണവും കാത്ത് ശീതകാല പഴം-പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ. ആറ് പതിറ്റാണ്ടിലധികമായി ജലസേചനത്തിന് കർഷകർ പട്ടുശ്ശേരി ഡാമിനെയാണ് ആശ്രയിച്ചിരുന്നത്.
2014ലാണ് ശേഷി വർധിപ്പിച്ച് പ്രദേശത്തെ കാർഷികമേഖലക്കും വിനോദസഞ്ചാരമേഖലക്കും കരുത്ത് പകരാൻ ഡാം പൊളിച്ച് നിർമാണം ആരംഭിച്ചത്. മൂന്നുവർഷംകൊണ്ട്
പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും സങ്കേതിക കാരണങ്ങളാൽ നിർമാണം നീളുകയായിരുന്നു. തടസ്സങ്ങളെല്ലാം മാറ്റി 2019 സെപ്റ്റംബറിൽ നിർമാണം പുനരാരംഭിച്ചു. നിർമാണം പൂർത്തീകരിക്കുന്നതോടെ കാന്തല്ലൂർ, ആടിവയൽ, കീഴാന്തൂർ, മാശിവയൽ, കാരയൂർ, പയസ്നഗർ തുടങ്ങിയ പ്രദേശത്തെ ഹെക്ടറുകണക്കിന് കൃഷിയിടങ്ങൾക്ക് ജലസേചന സൗകര്യമാകും.
കാന്തല്ലൂരിൽ പട്ടുശ്ശേരി ഡാമിന്റെ പുനർനിർമാണം വിനോദസഞ്ചാര മേഖലക്കും കരുത്തുപകരും. കാർഷികമേഖലയെ മാത്രം ആശ്രയിക്കുന്ന ഇവിടെ വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
There are no comments at the moment, do you want to add one?
Write a comment