വയനാട് : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി എ.ഡി.എം ടി. ജനിൽ കുമാർ നോഡൽ ഓഫീസറായി എം.സി.സി സ്ക്വാഡ് രൂപീകരിച്ചു. ജില്ലാതല ചാർജ് ഓഫീസറായി ഹുസൂർ ശിരസ്ദാർ പി. പ്രദീപ്, അസിസ്റ്റന്റ് ചാർജ് ഓഫീസറായി ജൂനിയർ സൂപ്രണ്ട് ഷീബാമ്മ ജോസഫ് എന്നിവരെയും നിയമിച്ചു. മൂന്ന് അംഗങ്ങളും ജില്ലാ തല സ്ക്വാഡിൽ ഉണ്ടാകും.
നിയോജകമണ്ഡലം അടിസ്ഥാനത്തിലും ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തിൽ സ്ക്വാഡ് ചാർജ് ഓഫീസറായി ഡെപ്യൂട്ടി തഹസിൽദാർ എം.സി. രാഗേഷ്, കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഡെപ്യൂട്ടി തഹസിൽദാർ പി.വി. സന്ദീപ് കുമാർ, സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഡെപ്യൂട്ടി തഹസിൽദാർ കെ.ജി. രണകുമാർ എന്നിവരെയും നിയമിച്ചു. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രൂപീകരിച്ച ടീമിൽ രണ്ട് അംഗങ്ങളെ വീതം ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർ നിയമിക്കും. അതത് നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.
സി – വിജിൽ ആപ് മുഖേന ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും എം.സി.സി സ്ക്വാഡിനാണ്. ടീമിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും വീഡിയോയിൽ പകർത്തും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ദൈനംദിന പ്രവർത്തന റിപ്പോർട്ട് നോഡൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം.