കൊച്ചി : പാലാരിവട്ടം മേൽപ്പാലം അടുത്തയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. അഞ്ചാം തീയതി പണി പൂർത്തിയാക്കി ഡിഎംആർസി പാലം സർക്കാരിന് കൈമാറും. പെരുമാറ്റച്ചടം നിലവിൽ വരുന്നതിനാൽ പാലത്തിൻറെ ഉദ്ഘാടന ചടങ്ങ് ഉണ്ടാകില്ലെന്ന് ഉറപ്പായി.
പാലത്തിൻറെ ടാറിങ് ജോലികൾ ആണ് പൂർത്തിയാകുന്നത്. നാളെ രാവിലെ മുതൽ ഭാരപരിശോധന നടത്തും. കയറ്റാവുന്ന പരമാവധി ഭാരത്തിൻറെ അഞ്ചിലൊന്ന് ഭാരമാണ് ആദ്യം കയറ്റുക. പിന്നീടിത് ഘട്ടംഘട്ടമായി ഉയർത്തും. 24മണിക്കൂർ പാലത്തിന് മുകളിൽ ഭാരം കയറ്റിയ ട്രക്കുകൾ നിർത്തിയിടും. ട്രക്കുകൾ മാറ്റിയ ശേഷം ഗർഡറുകൾക്ക് വളവോ വിള്ളലോ ഉണ്ടായോ എന്ന് പരിശോധിക്കും. മാർച്ച് നാല് വരെ ഭാരപരിശോധന ഉണ്ടാകും. അഞ്ചാം തീയതിക്ക് ശേഷം ഉദ്ഘാടനം നടത്താൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും ഇനിയത് ഉണ്ടാകില്ലെന്ന് ഉറപ്പായി. അങ്ങനെയെങ്കിൽ അടുത്തയാഴ്ച തന്നെ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും.