ന്യൂഡൽഹി : കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ഡൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ഒൻപതുദിവസത്തിനുശേഷമാണ് ദിശയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. ഫെബ്രുവരി 13 ന് ബംഗളൂരുവിൽ നിന്നാണ് ഡൽഹി പൊലീസ് ദിശ രവിയെ അറസ്റ്റ് ചെയ്തത്.
ദിശയെ തിങ്കളാഴ്ച ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച, ദിശയെ വിശദമായി ചോദ്യം ചെയ്യാൻ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് പങ്കജ് ശർമ അനുവദിച്ചില്ല. മൂന്നു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്നാണു ദിശയെ കോടതിയിൽ ഹാജരാക്കിയത്.
ഇതിനിടെ, കേസിൽ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു മുളുക് എന്നിവരെ പൊലീസ് സൈബർ സെൽ ചോദ്യം ചെയ്തു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഡൽഹിയിൽ ചോദ്യം ചെയ്യലിനു ഹാജരാവുകയായിരുന്നു. ഇരുവർക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ദിശയെ ഇവർക്കൊപ്പമിരുത്തിയാണു പൊലീസ് തിങ്കളാഴ്ച വൈകിട്ടു ചോദ്യം ചെയ്തത്.
കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ ത്യുൻബെ ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് രൂപകൽപന ചെയ്തതിനാണ് ദിശാ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ ഗ്രേറ്റ ത്യൂൻബെ രൂപീകരിച്ച ഫ്രൈഡേ ഫോർ ഫ്യൂച്ചർ ക്യാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാണ് ദിശ.
കർഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂൾകിറ്റും റിപബ്ലിക് ദിനത്തിലെ സംഘർഷങ്ങളും തമ്മിൽ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുണ്ടോയെന്ന് ഡെൽഹി പൊലീസിനോട് കോടതി ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ചോദിച്ചിരുന്നു.