ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ നൽകിയ കൊവിഷീൽഡ് വാക്സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. പത്ത് ലക്ഷം വാക്സിനുകളാണ് ഇന്ത്യയോട് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യമായ പത്ത് ലക്ഷം വാക്സിനുകൾ ഈ മാസം നിർമ്മിച്ച് നൽകിയത്.
ദക്ഷിണാഫ്രിക്കയിൽ തൊണ്ണൂറ് ശതമാനം ആളുകൾക്കും ജനിതകമാറ്റം വന്ന കൊവിഡാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ് ഇതിന് ഫലപ്രദമല്ലെന്നാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചത്. തൊട്ടുപിന്നാലെ കൊവിഷീൽഡ് വാക്സിനേഷൻ ദക്ഷിണാഫ്രിക്ക നിർത്തിവച്ചിരിക്കുകയാണ്.
രാജ്യത്ത് നടത്തിയ ക്ലിനിക്കൽ ട്രയലിൽ കൊവിഷീൽഡിന്റെ കൊവിഡ് പ്രതിരോധം 21.9 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുളളത്. വാക്സിൻ ഉപയോഗത്തിന് അനുമതി നൽകാൻ അമ്ബത് ശതമാനമെങ്കിലും ഫലപ്രാപ്തി ഉണ്ടായിരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ നയം.
ഫെബ്രുവരി ഏഴിനാണ് ഇന്ത്യ പത്ത് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ ദക്ഷിണാഫ്രിക്കയ്ക്ക് അയച്ചു കൊടുത്തത്. അഞ്ചു ലക്ഷം ഡോസ് അടുത്ത ആഴ്ച അയയ്ക്കാനിരിക്കെയാണ് വാകിസിൻ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്ക സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിച്ചിരിക്കുന്നത്.