വയനാട് : വയനാടിന്റെ ജനപ്രീതി നേടിയ ജില്ലാ കളക്ടർ വിശ്വാസ്മേത്ത ചീഫ് സെക്രട്ടറിയുടെ ഔദ്യോഗികമായ തിരക്കുകൾക്കിടയിലും പിന്നിട്ട വഴികളിലൂടെ ഈ നാടിനെ കാണാനെത്തി. ജില്ലയുടെ എല്ലാ കോണുകളിലും തുടങ്ങിവെച്ച ഒട്ടേറെ സംരംഭങ്ങളെയും ജനങ്ങളെയും ആദിവാസി വിഭാഗങ്ങളെയെല്ലാം നേരിട്ട് കണ്ടും കുശലാന്വേഷണം നടത്തിയുമായിരുന്നു യാത്ര.

കനത്ത മഴയും തണുപ്പുമെല്ലാമുള്ള ഈ നാടിന്റെ പഴയകാലത്തെയെല്ലാം ഇന്നലെത്തെ പോലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരിച്ചു. ഒരു കാലത്ത് നടമാടിയിരുന്ന അടിമവേലയിൽ നിന്നും ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലിയിലെ പ്രീയദർശിനി എസ്റ്റേറ്റ് ടീ കൗണ്ടിയിലായിരുന്നു ആദ്യമെത്തിയത്.
ഇവിടെ തൊഴിലാളികൾക്കൊപ്പം ചെലവിട്ട വിശ്വാസ് മേത്ത ആദിവാസി കുടുംബങ്ങളിൽ നിന്നെല്ലാം തൊഴിലനുഭവങ്ങൾ ചോദിച്ചറിഞ്ഞു. ദീർഘകാലമായുള്ള വയനാടിന്റെ സ്വപ്നമായിരുന്നു പ്രീയദർശിനിയിലൂടെ നിറവേറിയത്. ആദിവാസികൾക്ക് വരുമാനദായകമായ ഈ സംരംഭത്തിന്റെ വികാസത്തിനും ആസൂത്രണത്തിനും പിന്നിൽ അന്ന് സബ്കളക്ടറും പിന്നീട് ജില്ലാ കളക്ടറായിരുന്ന വിശ്വസമേത്തയുടെ ഇടപെടലായിരുന്നു നിർണ്ണായകമായത്. ഇന്ന് രാജ്യാന്തര സൈക്ലിങ്ങ് മത്സരങ്ങളുടെ വേദികൂടിയായി വളർന്ന പ്രീയദർശിനിയുടെ ഉയർച്ചയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇവിടെ ആദരപൂർവ്വം പിന്നീട് വന്നവർ വിശ്വാസ് മേത്തയുടെ പേര് നൽകിയ വ്യൂപോയിന്റിൽ അദ്ദേഹം എത്തി. വയനാടിന്റെ വിദൂരമായ ഈ കാഴ്ചകൾ എന്നും ഹൃദയത്തിലുണ്ടാകുമെന്ന് അദ്ദേഹം കൂടെയുള്ളവരോടായി പറഞ്ഞു.

ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനും ആരോഗ്യ ഉപകേന്ദ്രങ്ങളുടെ വ്യാപനത്തിനും ഒട്ടേറെ മാർഗ്ഗ നിർദ്ദേശങ്ങൾ വിശ്വാസ് മേത്ത നൽകിയിരുന്നു. ആദിവാസി കുടുംബങ്ങളിൽ ഒരു കാലത്ത് വ്യാപകമായുണ്ടായിരുന്ന ക്ഷയരോഗങ്ങളെ പോലെയുള്ള അസുഖങ്ങൾ ക്കെതിരെ ശക്തമായ പ്രതിരോധ മാർഗ്ഗങ്ങൾ എത്തിക്കുന്നതിന് സർക്കാരിൽ നിന്നും ഊർജ്ജിത ശ്രമമുണ്ടായതിന് പിന്നിലും വിശ്വാസ്മേത്ത യുണ്ടായിരുന്നു. ആദിവാസികൾക്കെതിരെയുള്ള ചൂഷണം പലതരത്തിലുള്ള തായിരുന്നു. ഇതിനെല്ലാം തക്കസമയത്ത് കടുത്ത നടപടികൾക്ക് ഉത്തരവിട്ടും അക്കാലത്തെല്ലാം ജില്ലാ കളക്ടർ നാടിന്റെ ശ്രദ്ധനേടിയിരുന്നു.
കൊല്ലം ജില്ലയിൽ അസിസ്റ്റന്റ് കളക്റായാണ് കേരളത്തിൽ വിശ്വാസ് മേത്ത ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1987 ജൂൺ മുതൽ 1988 ജൂൺ വരെ കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു.
1988 ഒക്ടോബർ മുതൽ 1991 ജനുവരി വരെ വയനാട് ജില്ലയിൽ മാനന്തവാടി അസിസ്റ്റന്റ് കളക്ടറായി നിയമിതനായി. 1991 ജനുവരിയിൽ റവന്യു വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി. 1992 ഫെബ്രുവരിയിൽ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ എം.ഡിയായി. 1994 നവംബറിൽ ഇടുക്കി ജില്ല കളക്ടറായി. ഇവിടെ നിന്നുമാണ് ഡിസംബറിൽ വയനാട് ജില്ലാ കളക്ടറായി അധികാരമേൽക്കുന്നത്. 1996 നവംബർ വരെയാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് ഒട്ടേറെ ഉന്നത പദവിയിലിരുന്ന വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയുമായി. 2003ൽ സാംസ്കാരിക ടൂറിസവും ഭരണനിർവഹണവും എന്ന വിഷയത്തിൽ പിഎച്ച് ഡി എടുത്തു. അന്തർദ്ദേശീയ പ്രസിദ്ധീകരണങ്ങളിലുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെയുൾപ്പെടെ ഏകോപനവും നിർവഹിച്ചു ശ്രദ്ധനേടി. വയനാട് സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ പ്രീതമേത്തയും ഒപ്പമുണ്ടായിരുന്നു. പ്രീയദർശനിയിലെ തൊഴിലാളികളും, കളക്ട്രേറ്റിലും അദ്ദേഹത്തിന് സ്വീകരണം നൽകി.

പഴയ ക്യാമ്പ് ഹൗസ് അടക്കം സന്ദർശിച്ചാണ് ഈ മാസം ഒദ്യോഗിക പദവിയിൽ നിന്നും വിരമിക്കുന്ന അദ്ദേഹം മടങ്ങിയത്.