പാലക്കാട് /തൃത്താല : ശോചനീയാവസ്ഥയിലുള്ള അഞ്ചുമൂല – പാലത്തറ ഗേറ്റ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും റോഡ് റബ്ബറൈസ്ഡ് പ്രവർത്തി ചെയ്തു ബി. എം. ബി. സി നിലവാരത്തിലേക്ക് ഉയർത്തണമെന്നും ആവശ്യപെട്ട് ഡി വൈ എഫ് ഐ കുളമുക്ക് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പാലത്തറ ഗേറ്റിൽ ചക്രസ്തംഭന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

കേരളത്തിലെ എല്ലാ മണ്ഡലത്തിലെയും റോഡുകൾ നവീകരിക്കുമ്പോൾ ഉറക്കം നടിക്കുന്ന തൃത്താല എം എൽ എ അനാസ്ഥ കൈവെടിയണമെന്നും നൂതന രീതിയിൽ റോഡ് നിർമ്മാണം വേഗത്തിൽ ആരംഭിക്കണമെന്നും സമരം ആവശ്യപ്പെട്ടു. പ്രതിഷേധ സമരം സിപിഎം പരുതൂർ ലോക്കൽ സെക്രട്ടറി പി. ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് അനൂപ് അധ്യക്ഷത വഹിച്ചു.പരുതൂർ ലോക്കൽ കമ്മറ്റി അംഗം ഇക്ബാൽ മാസ്റ്റർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഡി വൈ എഫ് ഐ കുളമുക്ക് മേഖല സെക്രട്ടറി ബാലു സ്വാഗതവും ഉസ്മാൻ നന്ദിയും പറഞ്ഞു. സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി സതീഷ് കുമാർ, മേഖല ഉപഭാരവാഹികളായ ഷൈജു, സാബു, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.