തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസ്സാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി ഗവര്‍ണര്‍ ആരിഫ് ഖാന് നിഷേധിച്ചു. ബുധനാഴ്ച ഒരു മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നത്.
എന്നാല്‍, എന്താണ് അടിയന്തരപ്രാധാന്യമെന്ന് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. സര്‍ക്കാര്‍ ശിപാര്‍ശ ചെയ്താല്‍ സഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നതാണ് കീഴ്വഴക്കം.
അതിനാല്‍ തന്നെ ഇത്തരമൊരു നടപടി അസാധാരണമാണ്. പുതിയ പോര്‍മുഖം തുറക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. നേരത്തേ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സഭ പ്രമേയം പാസ്സാക്കിയപ്പോള്‍ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.