കൊച്ചി: അങ്കമാലി അത്താണിയില്‍ കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ പ്രതിയായ യൂസഫിനെതിരേ എടുത്തിരിക്കുന്നത് 50 രൂപ മാത്രം പിഴ ചുമത്താവുന്ന വകുപ്പ് . ചെങ്ങമനാട് പോലീസ് ആണ് നിസാര വകുപ്പ് ചുമത്തി കേസ് എടുത്തിരിക്കുന്നത് .അനിമല്‍ ലീഗല്‍ ഫോഴ്സ് നടത്തിയ അന്വേഷണത്തിലാണ് 50 രൂപയുടെ വകുപ്പുകള്‍ മാത്രമാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു കണ്ടെത്തിയത്.ഐ.പി.സി. 428/429 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെങ്കിലും നായയെ കൊന്നാലോ അംഗവൈകല്യം സംഭവിപ്പിച്ചാലോ മാത്രമേ ഈ വകുപ്പുകള്‍ പ്രകാരം കോടതിക്ക് പ്രതിയെ ശിക്ഷിക്കാന്‍ സാധിക്കൂ.അതേസമയം ,മനഃപൂര്‍വം നായയെ കൊല്ലാന്‍ ശ്രമിച്ചതിനും ഉപേക്ഷിച്ചതിനും വാഹനം കുറ്റകൃത്യത്തിന് ഉപയോഗിച്ചതിനും എട്ടോളം വകുപ്പുകള്‍ പ്രകാരം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് അനിമല്‍ ലീഗല്‍ ഫോഴ്സ് ജനറല്‍ സെക്രട്ടറി ഏംഗല്‍സ് നായര്‍ ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
