പാലക്കാട്: മതേതര ജനാധിപത്യ മൂല്യങ്ങളെ അപമാനിക്കും വിധം ഭരണാഘടനാ സ്ഥാപനങ്ങളെ വർഗീയവൽക്കരിക്കാനുള്ള ശ്രമം അപകടകരമാണെന്ന് എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. തെരെഞ്ഞെടുപ്പു വിജയാഘോഷങ്ങളുടെ പേരിൽ മതചിഹ്നങ്ങളുപയോഗിച്ചും വിഭാഗീയ മുദ്രാവാക്യങ്ങളുയർത്തിയും നാട്ടിൽ പരസ്പര വൈരവും അസഹിഷ്ണുതയും വളർത്താനുള്ള ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി എതിർക്കണം. പാലക്കാട് നഗരസഭാ കാര്യാലയത്തിനു മുകളിൽ ‘ജയ് ശ്രീരാം’ ബാനർ ഉയർത്തിയ സംഭവം അങ്ങേയറ്റം അപലപനീയമാണ്. രാഷ്ട്രീയപാർട്ടികൾ രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചും മതനിരപേക്ഷതക്കു നിരക്കാത്ത പ്രസ്താവനകൾ നടത്തിയും വിജയാഹ്ലാദം പ്രകടിപ്പിക്കുന്നത് ഇന്ത്യൻ ജനതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും എസ്.വൈ.എസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
