തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണന് പരാജയപ്പെട്ടു. കുട്ടന്‍കുളങ്ങര വാര്‍ഡിലാണ് പരാജയം. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്റെ പരാജയം.
തൃശ്ശൂര്‍ കോര്‍പറേഷനില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത്. വലിയ വിജയ പ്രതീക്ഷയിലായിരുന്നു ബിജെപി ഗോപാലകൃഷ്ണനെ ഇറക്കിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു ബിജെപി കുട്ടന് കുളങ്ങരയില്‍ സീറ്റ് പിടിച്ചത്. തന്നെ തോല്പിക്കാന് പാര്‍ട്ടി യുഡിഎഫിന് വോട്ടുമറിച്ചെന്നും സിപിഎമ്മും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തിയെന്നും കഴിഞ്ഞദിവസം ഗോപാലകൃഷ്ണന് ആരോപിച്ചിരുന്നു.
2015ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇവിടെ ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന് കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോകസഭാ തിരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.
സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ഞൂറോളം വോട്ടുകളും ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഴുന്നൂറ് വോട്ടുകളും ഈ വാര്‍ഡില്‍ ബിജെപി നേടിയിരുന്നു.