വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി അമേരിക്കയിലെ ജനപ്രതിനിധികള്‍. സമാധാനപരമായി പ്രതിഷേധിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിജീവനത്തിനായുള്ള കര്‍ഷകരുടെ പ്രതിഷേധത്തിന് താന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യുഎസ് ജനപ്രതിനിധി സഭയിലെ ഡഗ് ലമല്ഫ പറഞ്ഞു. ഭയക്കാതെ സമാധാനപരമായി സമരം ചെയ്യാന്‍ കര്‍ഷകരെ അനുവദിക്കണമെന്നാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപബ്ലിക്കന്‍ ജനപ്രതിനിധി പറഞ്ഞത്.
“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ് ഇന്ത്യ. സമാധാനപരമായ പ്രതിഷേധം പൗരന്മാരോട് അനുവദിക്കണം. കര്‍ഷകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാധാനപരവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ നടത്തട്ടെ” ഡെമോക്രാറ്റിക് പ്രതിനിധി ജോഷ് ഹാര്‍ഡര്‍ പറഞ്ഞു. ആന്‍ഡി ലെവിന്‍ എന്ന ജിനപ്രതിനിധി പറഞ്ഞത് ഇന്ത്യയിലെ കര്‍ഷകരുടെ സമരം തന്നെ ഏറെ പ്രചോദിപ്പിച്ചെന്നാണ്.
മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് നവംബര്‍ 26നാണ് തുടങ്ങിയത്. ഡല്‍ഹി അതിര്‍ത്തിയില്‍ ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് അവരെ പൊലീസ് നേരിട്ടത്. കേന്ദ്രസര്‍ക്കാര്‍ മൂന്ന് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. തുടര്‍ന്ന് സമരം ശക്തമാക്കിയ കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപക ബന്ദിനും ആഹ്വാനം ചെയ്തു.
നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിരുന്നു. ബ്രിട്ടനില്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ നേതാക്കള്‍ അഭിപ്രായം പറയുന്നത് അനാവശ്യമായ ഇടപെടലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.