ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന് ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്റെ എട്ട് വകഭേദങ്ങള്‍ വികാസ ദശയിലാണെന്നും ഇവ സജീവ പരിഗണനയിലാണെന്നും സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
‘നിലവില്‍ എട്ട് വാക്സിന് വകഭേദങ്ങള്‍ രാജ്യത്ത് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. തദ്ദേശീയമായി മൂന്നെണ്ണവും തയ്യാറാകുകയാണ്. വാക്സിന് ഒട്ടും വൈകാതെ ലഭ്യമാകുമെന്നും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം അറിയിച്ചു. വാക്സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാകും പ്രാമുഖ്യം നല്‍കുക. വാക്സിന് പരീക്ഷണങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണെന്നും ഏറ്റവും ചിലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ വാക്സിന് വേണ്ടിയാണ് ലോകം കാത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ കൊവിഡ് വാക്സിന് പദ്ധതിയെ ലോകം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ശാസ്ത്രജ്ഞരില്‍ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഒട്ടും അമാന്തമില്ലാതെ വാക്സിന് ലഭ്യമാക്കാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്സഭയിലെയും രാജ്യസഭയിലെയും വിവിധ കക്ഷിനേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടര്‍ ഹര്ഷവര്ദ്ധന്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരാണ്.