കോട്ടയം : ചങ്ങനാശേരി വിജിലന്‍സ് റെയ്ഡില്‍ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ നഗരസഭയിലെ റവന്യൂ വകുപ്പ് വനിത ഉദ്യോഗസ്ഥയില്‍നിന്നും കണക്കില്‍പ്പെടാത്ത തുക കണ്ടെടുത്തു. അറസ്റ്റിലായ റവന്യു ഓഫീസര്‍ സുശീല സൂസന്, റവന്യു ഇന്‍സ്പെക്ടര്‍ ശാന്തി എന്നിവരെ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
റവന്യു ഇന്‍സ്പെക്ടര്‍ ശാന്തിയുടെ ബാഗില്‍നിന്ന് കൈക്കൂലി തുകയായ 5000 രൂപ കൂടാതെ കടലാസില്‍ പൊതിഞ്ഞ നിലയില്‍ 10000 രൂപയും മറ്റൊരു പൊതിയിലായി സൂക്ഷിച്ച 3500 രൂപയും പിടിച്ചെടുത്തതായി വിജിലന്‍സ് ഡിവൈഎസ്പി വി ജി രവീന്ദ്രനാഥ് പറഞ്ഞു.
ഈ തുക ഓഫീസിലെ കാഷ് ഡിക്ലറേഷന്‍ ബുക്കില്‍ ചേര്‍ത്തിരുന്നില്ല. ഓഫീസിലെ പ്യൂണ്‍ സുരേഷ് കയ്യിലുള്ള പണത്തേക്കാള്‍ കൂടുതല്‍ തുക ഡിക്ലറേഷന്‍ ബുക്കില്‍ എഴുതി ചേര്‍ത്തതായി വിജിലന്‍സ് കണ്ടെത്തി. ഇയാള്‍ക്കെതിരെയും നടപടിയെടുക്കും.
കഴിഞ്ഞദിവസം വൈകിട്ട് പ്രവാസി മലയാളിയുടെ പുതിയ വീടിന് മുനിസിപ്പല്‍ നമ്പർ ലഭിക്കാനും അതിന്റെ നികുതി കുറച്ചുകൊടുക്കാനുമായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് റവന്യൂ ഓഫീസറും ഇന്‍സ്പെക്ടറും പിടിയിലായത്.
