വിയന്ന : ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളില്‍ ഭീകരാക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
നഗരത്തില്‍ പ്രധാന ജൂത ആരാധനാലയത്തിന് സമീപമാണ് വെടിവെപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ ആരാധനാലയമാണോ ലക്ഷ്യമിട്ടത് എന്നതിന് സ്ഥിരീകരണമായിട്ടില്ല. കൊറോണ ലോക്ക് ഡൗണ്‍ അവസാനിച്ചതിനു ശേഷം ജനങ്ങള്‍ പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം.
ബെല്‍റ്റില്‍ സ്ഫോടകവസ്തുക്കള്‍ ധരിച്ച തോക്കു ധാരികളാണ് വെടിയുതിര്‍ത്തത്. സെന്റ് റൂപ്പേര്സ് പള്ളിക്ക് സമീപവും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ഭീകരരില്‍ ഒരാള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ബാക്കിയുള്ളവര്‍ നഗരത്തിലുണ്ടെന്നും എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണമെന്നും പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടന്നത് ഭീകരാക്രമണം തന്നെയെന്ന് ഓസ്ട്രിയന്‍ ചാന്‍സിലര്‍ സ്ഥിരീകരിച്ചു.
പ്രധാന യൂറോപ്യന്‍ നേതാക്കള്‍ ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഹീനമായ ആക്രമണമാണ് നടന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. ആക്രമണത്തില്‍ അദ്ദേഹം ഞെട്ടല്‍ രേഖപ്പെടുത്തി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോയും ഭീകരാക്രമണത്തെ അപലപിച്ചു. യു.എന്‍ സെക്രട്ടറീ ജനറല്‍ അന്റോണിയോ ഗുട്ടേറസും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
