കൊച്ചി: മയക്കുമരുന്നു കടത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്‍കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന ഏതാനും സിനിമക്കാര്‍ ഒളിവില്‍.
മലയാള സിനിമയിലേക്കു അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് അയച്ചത്. ലഹരിക്കടത്തിലെ പണമിടപാടുകളും സാമ്പത്തിക സ്രോതസും അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് മലയാളസിനിമയിലെ ബിനീഷിന്റെ സാമ്പത്തിക ഇടപെടല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി നിരവധി പേരെ നിരീക്ഷിച്ചു വരികയാണ്. ബിനീഷിന്റെ മുതല്‍ മുടക്കില്‍ നിര്‍മിച്ച സിനിമയും അണിയറബന്ധമുള്ളവര്ക്കുമാണ് നോട്ടീസ് നല്‍കിയിരുന്നത്. കോട്ടയത്തുള്ള ഒരു നിര്‍മാതാവിനും നോട്ടീസ് ലഭിച്ചതോടെ ഇയാള്‍ സ്ഥലം വിട്ടു. ഇദേഹത്തിന്റെ സിനിമയില്‍ ബിനീഷാണ് മുതല്‍ മുടക്കിയതെന്ന സൂചനയുണ്ട്.
രാഷ്ട്രീയത്തെക്കാള്‍ ബിനീഷിനു മലയാള സിനിമയുമായി ബന്ധമുണ്ടായിരുന്നു. മലയാള സിനിമയിലേക്കു കൊച്ചി കേന്ദ്രീകരിച്ചു മയക്കുമരുന്നു വിതരണം ശക്തമായിരുന്നുവെന്ന കണ്ടെത്തലാണ് എന്സിബിക്കുള്ളത്.
മലയാള സിനിമാ മേഖലയിലും ബിനീഷിനും അനൂപിനും ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അന്വേഷണം വ്യാപിപ്പിക്കുന്നത്.
