ദോഹ : കോവിഡ് വാക്സിന് ലഭ്യമാകുന്നതിനനുസരിച്ച് രാജ്യത്ത് എത്തിക്കുന്നതിനായി പൊതുജനാരോഗ്യമന്ത്രാലയം രണ്ടാമത്തെ കമ്പനിയുമായും കരാറില്‍ ഒപ്പുവെച്ചു. അമേരിക്കയിലെ മസാചുസെറ്റ്സ് ആസ്ഥാനമായ ‘മോഡേണ’ ബയോടെക് കമ്പനിയുമായാണ് പുതുതായി കരാറില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയര്‍മാനും എച്ച്.എം.സി ഇന്‍ഫെക്ഷസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. തുടക്കം മുതല്‍ തന്നെ കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും പരിശ്രമിക്കുന്ന കമ്പനിയാണിത്. കമ്പനിയുടെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളിലും ക്ലിനിക്കല്‍ ട്രയലുകളും വിജയകരമായിരുന്നു.
ആരോഗ്യവാന്മാരായ ആളുകളില്‍ കമ്പനി വികസിപ്പിച്ച മരുന്ന് പ്രയോഗിച്ചപ്പോള്‍ അവരുടെ ശരീരത്തില്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ ഉണ്ടായിട്ടുണ്ട്. ടി സെല്ലില്‍ നിന്നുള്ള രോഗപ്രതിരോധശേഷിയും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള ഫലങ്ങള്‍ ആശവാഹമാണ്. ഏറ്റവും ഫലപ്രദമായ വാക്സിന് ലഭ്യമാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘മോഡേണ’ കമ്പനിയുടെ വാക്സിന് പരീക്ഷണങ്ങള്‍ ഉന്നതഗുണമേന്മയുള്ളതാണ്. 30,000 ആളുകളാണ് ഇതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്നത്. 2021 ആദ്യത്തില്‍ 500 മില്യന്‍ ഡോസ് വാക്സിന് ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. സാര്‍സ്-കോവ്-2നെതിരായ ബി.എന്‍.ടി 162 എം.ആര്.എന്‍.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാന്‍ഡിഡേറ്റ് വാക്സിന് ലഭ്യമാക്കുന്നതിന് അമേരിക്ക ആസ്ഥാനമായ ഫൈസര്‍ ആന്‍ഡ് ബയോന്‍ടെക് എന്ന കമ്പനിയുമായി ഒക്ടോബര്‍ ആദ്യത്തില്‍ ആരോഗ്യമന്ത്രാലയം കരാര്‍ ഒപ്പുവെച്ചിരുന്നു.
ഇവരുടെ വാക്സിനുകളും ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്. എല്ലാ അംഗീകാരങ്ങളും ലഭ്യമാകുന്നതോടെ വാക്സിന് വിതരണം ചെയ്യും. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ വാക്സിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാക്സിന് ലഭ്യമാകുന്നതു വരെ എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തണം. ഇതില്‍ വീഴ്ച വരുത്തരുത്. മഹാമാരിക്കെതിരെ ഖത്തര്‍ സ്വീകരിച്ച സമഗ്രവും തന്ത്രപ്രധാനവുമായ നടപടികള്‍ രാജ്യത്ത് രോഗവ്യാപനം തടയുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. കോവിഡ്-19 വ്യാപനം തടയുന്നതില്‍ വിജയിച്ചുവെങ്കിലും മറ്റു രാജ്യങ്ങളെ പോലെ കുറച്ച് കാലം കോവിഡ്-19നൊപ്പം നാം ജീവിക്കേണ്ടി വരും. മാസ്ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കുക തുടങ്ങിയ പ്രധാന സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാവരും പാലിക്കണം. വൈറസിനെതിരായ കൃത്യമായ വാക്സിന് ലഭ്യമായാല്‍ മാത്രമേ പൂര്‍ണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളൂവെന്നും ഡോ. ഖാല്‍ പറഞ്ഞു.
രണ്ടാമത്തെ കമ്പനിയുമായും ഇത്തരത്തില്‍ കരാര്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞത് ഈ രംഗത്തുള്ള വന്‍നേട്ടമാണെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നല്ല മുന്നേറ്റമാണ് ഇതോടെ ഉണ്ടായിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.ലോകത്തെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മതിയായ അളവില്‍ വാക്സിന് ശേഖരിക്കുകയാണ് ലക്ഷ്യം. വാക്സിന് ലഭ്യമായാല്‍ ഉടന്‍ അത് ഖത്തറില്‍ എത്തിക്കുകയും ആളുകള്‍ക്ക് ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
